കാസർകോട്: മംഗളുരൂ ഡിവിഷൻ പാലക്കാട് ഡിവിഷനിൽനിന്ന് വെട്ടിമാറ്റാൻ തീരുമാനമായതോടെ കുമ്പളക്ക് റെയിൽവേ സ്റ്റേഷന് പ്രതീക്ഷകളുമുണ്ട്. അങ്ങനെയായാൽ വന്നേക്കാവുന്ന വലിയ മാറ്റമാണ് കുമ്പള പ്രതീക്ഷിക്കുന്നത്.
30 ഏക്കറോളം റെയിൽവേ ഭൂമി തരിശായി കിടക്കുന്ന കുമ്പളയിൽ വലിയ മാറ്റങ്ങൾകൊണ്ടുവരാൻ ഈ ഭൂമി മതി. കാസർകോട് സ്റ്റേഷനിൽനിന്ന് 12 കിലോമീറ്ററും മംഗളൂരു സ്റ്റേഷനിൽനിന്ന് 34 കിലോമീറ്ററും ദൂരമുള്ള കുമ്പളയും ഒപ്പം മഞ്ചേശ്വരവും കുതിച്ചുയരും. ദീർഘദൂര വണ്ടികൾ നിലവിലുളതുപോലെ തുടരുമെങ്കിലും പാലക്കാട് ഡിവിഷന് നേതൃപരമായ ഇടപെടലിൽ കൂടുതൽ ട്രെയിനുകൾ മലയാളികൾക്ക് മാത്രമായി ലഭിക്കുമെന്നുതന്നെയാണ് വിശ്വാസം.
കുമ്പള നഗരവും അവസരത്തിനൊത്ത് ഉയരുന്നതോടെ കാസർകോട് ജില്ലയുടെ യാത്ര പ്രശ്നത്തിന് പരിഹാരമാകുകയും ചെയ്യുമെന്ന പ്രതീക്ഷയാണുണ്ടാകുക. വണ്ടികൾ അറ്റകുറ്റപ്പണി നടത്തുന്ന പിറ്റ് ലൈൻ മംഗാപുരത്താണുണ്ടായിരുന്നത്. മംഗലാപുരം പാലക്കാടിൽനിന്ന് പോകുന്നതോടെ പാലക്കാട് ഡിവിഷനിൽ പിറ്റ് ലൈൻ ഇല്ലാതായി.
കുമ്പളയിലെ 30 ഏക്കറിൽനിന്നും മഞ്ചേശ്വരത്തെ 20 ഏക്കറിൽനിന്നുമായി രണ്ട് പിറ്റ് ലൈനിന് ആവശ്യമായ സ്ഥലവുമുണ്ട്. വണ്ടിയുടെ സ്റ്റാബ്ലിങ് ലൈനിനും(വണ്ടികളുടെ പാർക്കിങ്) ഈ സ്ഥലം ഉപയോഗിക്കാം. ലോറികളുടെ തീവണ്ടിയിലേക്കുള്ള ലോഡിങ് അൺലോഷിങ് സൗകരവും കുമ്പളയിൽ ലഭിക്കും. സൂറത്കലിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ ലോറികൾ പോകുന്നത്(റോറോ) കേരളത്തിൽനിന്നാണ്. കുമ്പളയിൽനിന്ന് സൂറത്കലിലേക്ക് ലോറികളെ കയറ്റികൊണ്ടുപോകാമെന്ന സൗകര്യവുമുണ്ട്. ദേശീയപാതയോട് ചേർന്നുകിടക്കുന്ന സ്റ്റേഷൻ എന്ന സൗകര്യവും പ്രയോജനപ്പെടുത്താം.
പാലക്കാട് ഡിവിഷന് കുമ്പളയിൽനിന്നും മഞ്ചേശ്വരത്തുനിന്നും ട്രെയിൻ സർവിസ് ആരംഭിക്കാവുന്നതാണ് ഏറ്റവും വലിയ സൗകര്യം. എൻജിൻ പരിശോധന നടത്താനും തീവണ്ടികളിൽ വെള്ളം നിറക്കാനുമുള്ള ലോക്കോ ഷെഡും വാട്ടറിങ് സൗകര്യവും വേണം. ഒരേസമയം ഒന്നിലധികം തീവണ്ടികൾ കൈകാര്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോമുകളും കെട്ടിടവും വേണം. ടെർമിനൽ സ്റ്റേഷനാവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള സ്ഥലം കുമ്പളയിൽ ലഭ്യമാണ്. സ്ഥലം ഏറ്റെടുക്കാൻ സങ്കീർണതകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.