റഫീഖിന്റെ പോരാട്ടം ഫലം കണ്ടു; ഭിന്നശേഷി പഠിതാക്കൾക്ക് ഗ്രേസ് മാര്‍ക്ക്

കാഞ്ഞങ്ങാട്: പൈവളികെ ഗവ. ഹയര്‍ സെക്കൻഡറി യു.പി സ്‌കൂള്‍ അധ്യാപകന്‍ റഫീഖിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍, വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ച് കാലിക്കറ്റ് സര്‍വകലാശാല ഉത്തരവിറക്കി.

കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് 2020ല്‍ വിദൂര വിദ്യാഭ്യാസം വഴി എം.എ മലയാളം പൂര്‍ത്തിയാക്കിയ റഫീഖ് (ശ്രവണ ഭിന്നശേഷി), സര്‍വകലാശാല പരീക്ഷക്ക് ഭിന്നശേഷി ഗ്രേസ് മാര്‍ക്ക് നൽകുന്നത് റെഗുലർ വിദ്യാർഥികൾക്കു മാത്രമാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് 2021 ഫെബ്രുവരി 13ന് പരാതി നല്‍കി.

വിദൂര വിദ്യാഭ്യാസം വഴി ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്ന ഭിന്നശേഷി പഠിതാക്കൾക്ക് റഗുലർ വിദ്യാർഥികൾക്ക് നൽകുന്നതുപോലെ ഗ്രേസ് മാർക്ക് നൽകാതിരിക്കുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയ റഫീഖ്, വിദൂര വിദ്യാഭ്യാസം നൽകുന്ന കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ഈ നിയമം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പരാതി കാലിക്കറ്റ്‌ സർവകലാശാല അധികാരികൾക്ക്‌ കൈമാറി. സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട് പ്രകാരം 2019 ഡിസംബര്‍ 19 മുതലുള്ള ബിരുദ/ബിരുദാനന്തര ബിരുദധാരികൾക്ക്‌ റഗുലർ/വിദൂരം വേർതിരിവില്ലാതെ ഭിന്നശേഷി ഗ്രേസ് മാര്‍ക്ക് അനുവദിക്കാമെന്ന് ശിപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച് കാലിക്കറ്റ്‌ സർവകലാശാല ഉത്തരവും ഇറക്കി.

Tags:    
News Summary - Rafiqi's struggle saw results; Grace marks for students of different abilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.