ചെറുവത്തൂർ ഗവ. വെൽഫെയർ യു.പി. സ്കൂൾ പരിസരത്ത് നടന്ന കൺവെൻഷനിൽ ജനകീയ
സമിതി ചെയർമാൻ എം.വി. ലതീഷ് സംസാരിക്കുന്നു
ചെറുവത്തൂർ: പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിൽ ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നു. കുടിവെള്ള പദ്ധതികളുടെ കിണറുകളുൾപ്പെടെ സ്ഥിതിചെയ്യുന്ന ജനവാസകേന്ദ്രമായ മടിക്കുന്നിന് മുകളിൽ കക്കൂസ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാർ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. കുന്നിന് മുകളിൽനിന്ന് ആൾപ്പാർപ്പില്ലാത്ത ഇടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായാണ് നാട്ടുകാരുടെ പ്രതിഷേധം.
ഗവ. വെൽഫെയർ യു.പി സ്കൂളിൽ പഠിക്കുന്ന 200ഓളം കുട്ടികൾക്കുള്ള കിണർ അശുദ്ധമാകുമെന്ന് മാത്രമല്ല, സർക്കാർ ജലഅതോറിറ്റിയുടെയും രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ കിണറുകൾ ഇവിടെയാണ് ഉള്ളത്. ചെറുവത്തൂർ പഞ്ചായത്തിലെ മടിക്കുന്ന്, പൊള്ള, മാച്ചിപ്പുറം, അമ്പലത്തേര, കാരി തുടങ്ങിയ പ്രദേശങ്ങളിലും പിലിക്കോട് പഞ്ചായത്തിലെ മടിവയൽ പ്രദേശത്തെയും 3500 ൽപരം വീടുകളിലേക്ക് ഇവിടത്തെ കിണറുകളിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. മടിക്കുന്ന്-മടിവയൽ പ്രദേശങ്ങളിലെ 600ൽപരം കുടുംബങ്ങളിലുള്ളവരെ ബാധിക്കുന്ന തരത്തിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായാണ് കക്ഷി രാഷ്ട്രീയ ഭേദമന്യെ പ്രക്ഷോഭത്തിനിറങ്ങുന്നത്.
ഈ മാസം 23ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് ബഹുജന പ്രതിഷേധ പ്രകടനം നടത്താൻ സമര പ്രഖ്യാപന കൺവെൻഷനിൽ തീരുമാനിച്ചു. ചെറുവത്തൂർ ഗവ. വെൽഫെയർ യു.പി സ്കൂൾ പരിസരത്ത് നടന്ന കൺവെൻഷനിൽ ജനകീയ സമിതി ചെയർമാൻ എം.വി. ലതീഷ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ. ദേവേന്ദ്രൻ, കെ. ഗോപിനാഥൻ, ഒ. ഉണ്ണികൃഷ്ണൻ, കെ.കെ. കുമാരൻ, ടി.പി. അബ്ദുൽ സലാം, കെ.വി. അനന്തൻ, ഇ. സാമിക്കുട്ടി എന്നിവർ സംസാരിച്ചു. മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ചെറുവത്തൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നാട്ടുകാരുടെ ഉപവാസ സമരമുൾപ്പെടെയുള്ള കടുത്ത സമരമുറകളിലേക്ക് കടക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.