ഉറ്റവർ മടക്കിയപ്പോൾ മൃതദേഹം ഏറ്റുവാങ്ങിയത് കൊടക്കാട് ഗ്രാമം

ചെറുവത്തൂർ: ബന്ധുക്കൾ ഏറ്റുവാങ്ങാതെ നാലുദിവസം പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അനാഥമായിക്കിടന്ന മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത് കൊടക്കാട് ഗ്രാമം. പന്തിഭോജനത്തിലൂടെ കേരളത്തി​െൻറ നവോത്ഥാന ചരിത്രത്തിൽ ഇടം നേടിയ കൊടക്കാട് ഗ്രാമമാണ്, സനാഥനാക്കി മൃതദേഹത്തോട് ആദരവ് കാണിച്ചത്. കോവിഡ് ബാധിച്ച് മരിച്ച ചിറ്റാരിക്കാൽ അറക്കത്തട്ട് സ്വദേശി ജോസി​െൻറ (55) മൃതദേഹമാണ് കൊടക്കാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുവാങ്ങി സംസ്കരിച്ചത്.

മുമ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് ജോസ്. കോവിഡിനെ തുടർന്ന്​ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. മൃതദേഹം സംസ്കരിക്കാനുള്ള പൊതുശ്മശാനം ചിറ്റാരിക്കാൽ പ്രദേശത്തുണ്ടായിരുന്നില്ല. നാലുദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഉടൻ ഏറ്റുവാങ്ങാൻ ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത ബന്ധുക്കളും കൈയൊഴിഞ്ഞപ്പോൾ ഹെൽത്ത് ഇൻസ്പെക്ടറായ പി.ടി. ശ്രീനിവാസനാണ് സ്വന്തം ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുവരാൻ തയാറായത്.

നാട്ടുകാരൻ കൂടിയായ ജില്ല കമ്മിറ്റിയംഗം സുജിത്ത് കൊടക്കാടിനെ ബന്ധപ്പെട്ടപ്പോൾ എല്ലാവിധ സൗകര്യങ്ങളും നൽകാമെന്ന​്​ ഉറപ്പുനൽകുകയും ചെയ്തു. 2005ൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൊടക്കാട് അട്ടക്കുഴിയിൽ നിർമിച്ച പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. സുജിത്ത് കൊടക്കാട്, വി.വി. ശൈലേഷ്, ടി. പ്രസാദ്, കെ. ശ്രീയേഷ്, പി. വൈശാഖ് എന്നിവർ നേതൃത്വം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.