വീട്ടിലെ പൈപ്പിൽനിന്ന് വെള്ളം ശേഖരിക്കുന്ന അച്ചാംതുരുത്തിയിലെ ടി.പി. നാരായണിയമ്മ
ചെറുവത്തൂർ: കുടിവെള്ളം സുലഭമായി ലഭിച്ചുതുടങ്ങിയതോടെ അച്ചാംതുരുത്തിയുടെ ദാഹം മാറി. ചെറുവത്തൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശമായ അച്ചാംതുരുത്തിയിലെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ കാഴ്ചയായിരുന്നു ഇതുവരെ.
കഴിഞ്ഞ വർഷമാണ് ഇവിടെ കുടിവെള്ള പദ്ധതി യാഥാർഥ്യമായത്. ഇേതത്തുടർന്ന് എത്തുന്ന ആദ്യത്തെ വേനൽക്കാലമാണിത്. സാധാരണ കുടിവെള്ളം തേടി നെട്ടോട്ടമോടിയ പഴയ ഏപ്രിൽ മാസത്തിൽനിന്ന് വ്യത്യസ്തമായി ധാരാളമായി ശുദ്ധജലം ലഭിക്കുന്ന ഒരു ഏപ്രിലായി അച്ചാംതുരുത്തിയിലെ ഓരോ കുടുംബത്തിനും.
ഈ പ്രദേശത്തുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു കുടിവെള്ളം എന്നത്. അത് യാഥാർഥ്യമാക്കി പൈപ്പ്ലൈൻ വഴി കുടിവെള്ളം ഓരോ വീട്ടിലും എത്തുകയാണിപ്പോൾ. നാലു ഭാഗവും വെള്ളം പരന്നൊഴുകിയിരുന്നെങ്കിലും കുടിവെള്ളത്തിനായി തോണിയിലേറി മറുകര താണ്ടി തലച്ചുമടായി വീടുകളിലെത്തിച്ച കാലമായിരുന്നു അച്ചാംതുരുത്തി നിവാസികൾക്ക്.
ഇപ്പോൾ ദ്വീപ് നിവാസികൾക്ക് ഇനി കുടിവെള്ളത്തിന് പരക്കം പായേണ്ട. കുടവുമായി മറുകര താണ്ടേണ്ടതില്ല. മുൻകാലങ്ങളിൽ ജലവിതരണ വകുപ്പിെൻറ പദ്ധതിയിലൂടെ കുടിവെള്ളം കിട്ടിയത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായിരുന്നു.
മണിക്കൂറുകളോളം പൈപ്പിൻചുവട്ടിൽ കാവലിരുന്നാൽ കിട്ടിയിരുന്നത് ഒന്നോ രണ്ടോ കുടം വെള്ളം മാത്രം. 426 കുടുംബങ്ങളുള്ള അച്ചാംതുരുത്തിയിൽ 180 വീടുകളിൽ മാത്രമാണ് നേരേത്ത ഗാർഹിക കണക്ഷനുണ്ടായിരുന്നത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, ജലവിഭവ വകുപ്പിെൻറ ഫണ്ട് എന്നിവ ഉപയോഗിച്ച് സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയാക്കിയതോടെ ബാക്കി വന്ന 226 കുടുംബങ്ങൾക്കും പുതിയ കണക്ഷൻ നൽകി മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുകയായിരുന്നു. അച്ചാംതുരുത്തിയിലെ മുഴുവൻ കുടുംബവും അനുഭവിച്ച ദുരിതം പരിഹരിച്ച സന്തോഷമാണ് നാട്ടുകാർക്ക് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.