കാഞ്ഞങ്ങാട്: എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തെന്നാരോപിച്ച് മുസ്ലിം ലീഗ് അനുഭാവിക്കും കുടുംബത്തിനും മർദനം. നഗരസഭ 35ാം വാർഡായ കല്ലൂരാവിയിലാണ് സംഭവം. മാരകായുധങ്ങളുമായെത്തിയവർ വീട്ടുസാധനങ്ങൾ തകർത്തു. സ്ത്രീകളെ കൈയേറ്റം ചെയ്തു. സംഭവം വിഡിയോയിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
സി.കെ. നിസാർ ഹോസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ ഒമ്പതുപേർക്കെതിരെ കേസെടുത്തു. മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള വാർഡിൽ എഴുന്നൂറിൽപരം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സാധാരണ ലീഗ് സ്ഥാനാർഥികൾ വിജയിക്കാറുള്ളത്. ഇത്തവണ വോട്ടെണ്ണിയപ്പോൾ 51 വോട്ടിെൻറ ഭൂരിപക്ഷമേ ലഭിച്ചുള്ളു. ലീഗ് അനുഭാവികൾ എൽ.ഡി.എഫിന് വോട്ട് നൽകിയതാണ് വോട്ടിൽ കുറവുവരാൻ കാരണമെന്നാരോപിച്ചാണ് അക്രമം.
വോട്ടെണ്ണൽ ദിവസം നടന്ന അക്രമത്തെക്കുറിച്ച് ഭയം കാരണം പരാതിപ്പെടാൻ തയാറായില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ സമൂഹ മാധ്യമങ്ങളിൽ അക്രമത്തിെൻറ ദൃശ്യം പ്രചരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഭീകരത പുറംലോകമറിഞ്ഞത്. മാരകായുധങ്ങളുമായി വീട്ടിൽ അക്രമം നടത്തിയതിനും സ്ത്രീകളെ അപമാനിച്ചതിനും ഹോസ്ദുർഗ് പൊലീസ് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.