തൃക്കരിപ്പൂർ: സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ജൻഔഷധി കേന്ദ്രങ്ങളിൽ ബ്രാൻഡഡ് മരുന്നുകൾ നൽകുന്നതായി പരാതി. ജനറിക് മരുന്നുകൾ സ്റ്റോക്കില്ലെന്ന കാരണത്താൽ വിലകൂടിയ മരുന്നുകൾ ഉപഭോക്താക്കളെ അറിയിക്കാതെ നൽകുന്നതാണ് പരാതിക്കിടയാക്കിയത്.
ജനറിക് മരുന്നുകൾ വിതരണം ചെയ്യാനാണ് ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ വിതരണം ചെയ്യാനായി ബ്രാൻഡഡ് മരുന്നുകളും സൂക്ഷിക്കാൻ അനുമതിയുണ്ട്.
എന്നാൽ, ആവശ്യപ്പെട്ട മരുന്ന് ജനറിക് രൂപത്തിൽ ലഭ്യമല്ലെങ്കിൽ അത് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കണമെന്നും അവരുടെ സമ്മതത്തോടെ മാത്രമേ വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾ നൽകാവൂവെന്നുമാണ് ചട്ടം.പല കേന്ദ്രങ്ങളിലും ഈ നിർദേശം പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി. ഡോക്ടർമാർ കുറിച്ചുനൽകുന്ന കുറിപ്പടിയിലെ ജനറിക് മരുന്നുകൾ ഇല്ലെന്ന വിവരം മറച്ചുവെച്ച്, പകരം ബ്രാൻഡഡ് മരുന്നുകൾ നൽകുന്നത് ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്.
ഇതുമൂലം സർക്കാർ നിശ്ചയിച്ചതിനെക്കാൾ വലിയ തുക മരുന്നുകൾക്കായി നൽകേണ്ടിവരുന്നതായി രോഗികൾ പറയുന്നു.ജനറിക് മരുന്നില്ലാത്ത പക്ഷം ബ്രാൻഡഡ് മരുന്നുകൾ നൽകുന്നതിന് മുമ്പ് ഉപഭോക്താവിനെ വിവരം അറിയിക്കണമെന്നും ഇതിനായി അധികൃതരുടെ ഭാഗത്തുനിന്ന് കർശന നിർദേശങ്ങളുണ്ടാവണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ജൻഔഷധി കേന്ദ്രങ്ങളുടെ സുതാര്യമായ പ്രവർത്തനം ഉറപ്പുവരുത്താൻ കർശനമായ പരിശോധനകൾ വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.