ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

കാസർകോട്​: കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന്​ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രതിദിനം 100 പേരെ പരിശോധനക്ക്​ വിധേയമാക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പരിശോധനകള്‍ ഫലപ്രദമായി നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രശസ്തിപത്രവും ട്രോഫിയും നല്‍കും. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്കടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിക്കുകയും പുരോഗതി കൃത്യമായി വിലയിരുത്തുകയും ചെയ്യും. ജനിതകമാറ്റം സംഭവിച്ച കോവിഡ് ബംഗളൂരു, പുണെ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് മാഷ് പദ്ധതി, വാര്‍ഡുതല ജാഗ്രത സമിതികള്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ഹോട്ടലുകള്‍ക്ക് രാത്രി 10 വരെ തുറന്നുപ്രവര്‍ത്തിക്കാം. അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വിറ്റുപോകാത്തതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലേലം നടത്താന്‍ അനുമതി നല്‍കി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും കഴിഞ്ഞ ഒരാഴ്ച സംസ്ഥാനതലത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്​റ്റര്‍ ചെയ്തത് ജില്ലയിലാണെന്നും ജില്ല പൊലീസ് മേധാവി ഡി. ശില്‍പ അറിയിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലെ വിവിധ ലാബുകളില്‍ പോയി വ്യാജ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ലാബുകളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവിയോട് കലക്ടര്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ഇത്തരം ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീണറുമായി ചര്‍ച്ച നടത്തും. കോവിഡ് പരിശോധനകള്‍ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡേറ്റ എൻട്രി ഡ്യൂട്ടിക്കായി കൂടുതല്‍ പ്രൈമറി അധ്യാപകരെ നിയോഗിക്കും. പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ കോവിഡ് ബാധ ഉണ്ടാകുന്നുണ്ടോ എന്ന് പ്രമോട്ടര്‍മാര്‍ മുഖേന വിവരം ലഭ്യമാക്കി ആവശ്യമായ തുടര്‍നടപടി സ്വീകരിക്കും. പരാതികളില്ലാതെ റേഷന്‍ കിറ്റ് വിതരണം നടക്കുന്നതായി ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. പട്ടികജാതി വികസന വകുപ്പി​‍ൻെറ കീഴിലുള്ള പോസ്​റ്റ്​ മെട്രിക്, പ്രീമെട്രിക്, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്​റ്റലുകളില്‍ വിദ്യാർഥികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചു. പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആൻറജന്‍ ടെസ്​റ്റ്​ നടത്തും. ട്യൂഷന്‍ സൻെററുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. നിർദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. യോഗത്തില്‍ ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, എ.ഡി.എം എന്‍. ദേവീദാസ്, ഡി.എം.ഒ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ്, കൊറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.