നിയമസഭ തെരഞ്ഞെടുപ്പ്​ ഒരുക്കം തുടങ്ങി; നോഡൽ ഒാഫിസർ ഇ.വി.എം ഗോഡൗൺ സന്ദർശിച്ചു

തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച നാടുകാണിയിലെ ഗോഡൗൺ കണ്ണൂർ-കാസർകോട് നോഡൽ ഓഫിസർ വി. രാഘവേന്ദ്ര സന്ദർശിച്ചു. ചൊവ്വാഴ്​ച ഉച്ചയോടെയാണ് അദ്ദേഹം നാടുകാണിയിൽ എത്തിയത്. ഗോഡൗണിലെ സി.സി.ടി.വി, സുരക്ഷ ക്രമീകരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു. എൻജിനീയർമാർക്ക് തെരഞ്ഞെടുപ്പ്​ കമീഷ​‍ൻെറ നിർദേശങ്ങളും നൽകി. നിയമസഭ തെരഞ്ഞെടുപ്പിനുവേണ്ടി മുംബൈ, പുണെ എന്നിവിടങ്ങളിൽ നിന്നാണ് കണ്ണൂർ ജില്ലയിലേക്കുള്ള വോട്ടുയന്ത്രങ്ങൾ നാടുകാണിയിൽ എത്തിച്ചത്. 4000 വി.വി.പാറ്റ് യന്ത്രങ്ങളുടെയും 3800 കൺട്രോൾ യൂനിറ്റ് യന്ത്രങ്ങളുടെയും പരിശോധനയാണ് ആരംഭിച്ചത്. ഏറ്റവും പുതിയ വിഭാഗത്തിൽപെട്ട എം-3 മെഷീനാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. യന്ത്രങ്ങളുടെ പരിശോധന, കഴിഞ്ഞ മാസം 26ഓടെ നാല് എൻജിനീയർമാരുടെ സഹായത്തോടെയാണ് ആരംഭിച്ചത്. അടുത്ത ദിവസം എട്ടുപേരടങ്ങുന്ന എൻജിനീയർമാർകൂടി പരിശോധനക്കായി എത്തിച്ചേരും. ഒരാൾ ഒരു ദിവസം 50 മെഷീനുകളാണ് പരിശോധിക്കുക. ജനുവരി 29ഓടെ പരിശോധന പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെയായി 840ഓളം യന്ത്രങ്ങളുടെ പരിശോധന പൂർത്തിയായി. ഡെപ്യൂട്ടി കലക്ടർ കെ.എം. അബ്​ദുൽ നാസർ, കണ്ണൂർ ജില്ലയുടെ ചാർജുള്ള തഹസിൽദാർ കെ. ബാലഗോപാലൻ എന്നിവരും കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.