കണ്ണൂർ: മാനേജ്മെന്റുകൾക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ ചൂഷണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായി വനിതാ കമീഷൻ ചെയർപേഴ്സൻ പി. സതീദേവി.
കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മാനേജ്‌മെന്റ് സ്കൂളുകളിൽ ദിവസ വേതനത്തിൽ നിയമിക്കുന്ന അധ്യാപികമാർ കടുത്ത തൊഴിൽ ചൂഷണവും നീതി നിഷേധവും നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ കമീഷനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതികൾ അനുദിനം കൂടി വരികയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, ട്രേഡിങ്, വായ്‌പകൾ എന്നിവയിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായതായുള്ള പരാതികൾ സംസ്ഥാനത്തൊട്ടാകെയുണ്ട്. മതിയായ രേഖകളില്ലാത്ത ഇടപാടുകൾ സംബന്ധിച്ച പരാതികളിൽ കമീഷന് പരിമിതിയുണ്ട്.
കുടുംബ പ്രശ്നങ്ങൾ, അതിർത്തി തർക്കങ്ങൾ എന്നിവയെല്ലാം പരാതികളായി എത്തുന്നുണ്ട്. കുടുംബ പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന കാര്യം പലരും മനസ്സിലാക്കുന്നില്ല. പല സംഭവങ്ങളിലും സ്ത്രീകൾ പരാതി നൽകാൻ തയാറാവുന്നില്ലെന്നും അതാണ് നടപടിയെടുക്കാനാവാത്തതെന്നും സതീദേവി പറഞ്ഞു. അദാലത്തിൽ 65 പരാതികളാണ് പരിഗണിച്ചത്.
ഇതിൽ 15 എണ്ണം തീർപ്പാക്കി. അഞ്ചു പരാതികൾ പൊലീസ് റിപ്പോർട്ടിന് വിട്ടു. രണ്ടു പരാതികൾ ജാഗ്രത സമിതിക്കും മൂന്ന് പരാതികൾ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കും കൈമാറി. 40 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ആറു പരാതികൾ ലഭിച്ചു. വനിതാ കമീഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞയിഷ, അഡ്വ. കെ.എം പ്രമീള, അഡ്വ. ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ എന്നിവരും പരാതികൾ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.