കേളകം: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം തുടരുന്നു. ഒരു ഇടവേളക്കുശേഷം ബ്ലോക്ക് 10ൽ ഇഞ്ചിമുക്കിൽ സുശീല ബാലന്റെ വീടിന്റെ മുന്നിലെ ഷെഡ് രണ്ടാം തവണ പൊളിച്ചു. വെള്ളിയാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് ഒറ്റയാൻ വീടിന്റെ മുന്നിലെ ഷെഡ് പൊളിച്ചത്.
ആന ഷെഡ് പൊളിക്കുമ്പോൾ സുശീലയും മകൻ സുരേഷും മകന്റെ ഭാര്യ അശ്വതിയും വീട്ടിനുള്ളിൽ ഉറക്കത്തിലായിരുന്നു. കോട്ടപ്പാറ ജലനിധി റോഡ് മേഖലയിൽ കാട്ടാനകൾ പകൽ സമയത്തും താമസക്കാർക്ക് ഭീഷണി തീർക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
പുതിയ ഫെൻസിങ് വന്നതോടെ ആനകൾ കാട്ടിലേക്ക് കയറാതെ ജനവാസ മേഖലയിൽ തന്നെ ചുറ്റിത്തിരിയുകയാണ്. ജോലിക്ക് പോകുന്നവരെയും കുട്ടികളെയുമാണ് ആനയുടെ ഭീഷണി കൂടുതൽ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം ഊരുമൂപ്പൻ സോമനെയും പേരക്കുട്ടിയെയും ആന ഓടിച്ചിരുന്നു. ഭാഗ്യംകൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ഓടിരക്ഷപ്പെട്ട ഇവരെ വനം വകുപ്പ് എത്തിയാണ് വീട്ടിലെത്തിച്ചത്. വാഹനം കടന്നെത്താത്ത മേഖലയായതുകൊണ്ട് നടന്നുവേണം ഇവർക്ക് വീട്ടിലെത്താൻ. രോഗികളെ ഉൾപ്പെടെ ആനക്കാട്ടിൽനിന്ന് വെളിയിലെത്തിക്കാൻ പാടുപെടുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.