മാട്ടൂൽ നോർത്തിൽ മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ട നിലയിൽ
കണ്ണൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാട്ടൂൽ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 15,000 രൂപ പിഴചുമത്തി. മാട്ടൂൽ നോർത്തിൽ പ്രവർത്തിക്കുന്ന തറമ്മൽ അപ്പാർട്മെന്റ്സ്, മവ്വാർ കോംപ്ലക്സ്, ഹലോ വേൾഡ് എന്നീ സ്ഥാപനങ്ങൾക്കാണ് 5000 രൂപ വീതം പിഴയിട്ടത്.
സ്ക്വാഡ് തറമ്മൽ അപ്പാർട്മെന്റ്സിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മുൻവശത്ത് പലയിടങ്ങളിലായി ജൈവ -അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്ത് വലിച്ചെറിഞ്ഞതായും കത്തിച്ചതായും കണ്ടെത്തി.
അപ്പാർട്മെന്റിന് പിഴ ചുമത്തുകയും ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നിർദേശം നൽകുകയും ചെയ്തു. മവ്വാർ കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ കോംപ്ലക്സിന് പിറക് വശത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തി. സമീപത്ത് പ്രവർത്തിക്കുന്ന ഹലോ വേൾഡ് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് കത്തിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് ഹലോ വേൾഡിന് 5000 രൂപ പിഴയിട്ടു. മവ്വാർ കോംപ്ലക്സിന് പിറക് വശത്ത് തന്നെ ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കോംപ്ലക്സ് ഉടമ നിർമിച്ച കുഴിയിൽ തള്ളിയതായി കണ്ടെത്തി. ഭക്ഷണാവശിഷ്ടങ്ങളും നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും കുഴിയിൽ കണ്ടെത്തിയതിനെ തുടർന്നു ഉടമക്ക് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, മാട്ടൂൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിന്റു റോബർട്ട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.