കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജില്‍ പ്രിസണേഴ്സ് വാര്‍ഡില്ലാത്തത് പൊലീസിന് തലവേദനയായി. കഴിഞ്ഞ ദിവസം മെഡി. കോളജില്‍നിന്ന് തടവുകാരന് രക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി പ്രിസണേഴ്സ് വാര്‍ഡ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.
ഇതേത്തുടർന്ന് പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ തുടങ്ങി. ഇതുസംബന്ധിച്ച ചര്‍ച്ച നടത്താന്‍ ശനിയാഴ്ച ജില്ല കലക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മെഡി. കോളജ് നിലവില്‍ വന്നിട്ട് ദശകങ്ങള്‍ പിന്നിട്ടിട്ടും തടവുകാരെ പാര്‍പ്പിക്കാന്‍ വാര്‍ഡ് ഉണ്ടാക്കിയിട്ടില്ല. ചികിത്സ ആവശ്യമുള്ള തടവുകാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നവര്‍ക്ക് അസുഖം ബാധിച്ചാലും ജനറല്‍ വാര്‍ഡില്‍ തന്നെയാണ് പാര്‍പ്പിക്കാറ്. ഇവിടെ ഒരുവിധ സുരക്ഷയുമില്ല. വ്യാഴാഴ്ച തടവുകാരന് രക്ഷപ്പെട്ടത് ഇത് കാരണമാണ്.
തളിപ്പറമ്പില്‍ പുതിയ ജയില്‍ നിർമാണം അന്തിമഘട്ടത്തില്‍ എത്തിനില്ക്കുമ്പോള് കര്‍ശന സുരക്ഷയോടെയുള്ള പ്രിസണേഴ്സ് വാര്‍ഡ് ആവശ്യമാണെന്ന് ജയില്‍ ഡി.ജി.പി തന്നെ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നേരത്തെ കണ്ണൂരിലെ തടവുകാരെ കോഴിക്കോട് മെഡി. കോളജിലെ പ്രിസണേഴ്സ് വാര്‍ഡില്‍ കിടത്തിയാണ് ചികിത്സ നടത്താറുള്ളത്. പരിയാരം മെഡി. കോളജ് ആശുപത്രിയുടെ ഏഴാം നിലയില്‍ 15 തടവുകാര്‍ക്ക് ഒന്നിച്ച് ചികിത്സ നല്‍കുന്നതിനുള്ള ഏര്‍പ്പാടാണ് ആലോചിക്കുന്നത്.
എന്നാല്‍, തടവുകാരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ തടവുകാര്‍ക്ക് കിടത്തി ചികിത്സ നടത്താനുള്ള സൗകര്യം കൂടിയുണ്ടാകണമെന്നാണ് ജയില്‍ വകുപ്പ് ആവശ്യപ്പെടുന്നത്. പൊലീസ് അസോസിയേഷന്റെ രണ്ട് ജില്ല സമ്മേളനങ്ങളിലും മുഖ്യ പ്രമേയം ഈ വിഷയമായിരുന്നു. അസോസിയേഷന് ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.