ആറളം ഫാം പുനരധിവാസമേഖലയിൽനിന്ന് കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നു
കേളകം: ആറളം ഫാം പുനരധിവാസമേഖലയിൽ കാട്ടാന തുരത്തൽ യജ്ഞം തുടങ്ങി. രണ്ടാഴ്ച നീളുന്ന ആദ്യഘട്ട തുരത്തൽ പദ്ധതിക്കാണ് തുടക്കമിട്ടത്. ബ്ലോക്ക് 13 ൽ വെള്ളി - ലീല ദമ്പതികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആന തുരത്തൽ പുനരാരംഭിച്ചത്. പുനരധിവാസ മേഖലയിൽ (ടി.ആർ.ഡി.എം) തമ്പടിച്ച ആനകളെയാണ് തുരത്തുന്നത്.
തുടർന്നു ഫാം കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകളെയും തുരത്തും. ആറളം ആർ.ആർ.ടി, കൊട്ടിയൂർ റേഞ്ച്, ആറളം വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ നിന്നുള്ള വനപാലകരെ ചേർത്തു 50 അംഗ ദൗത്യ സംഘത്തിനു രൂപം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇവരിൽ 30 പേർ മുന്ന് സംഘങ്ങളായി പകൽ കാട്ടാന തുരത്തൽ നടത്തും. 20 പേർ വാഹനങ്ങൾ ഉൾപ്പെടെയായി മൂന്ന് സംഘങ്ങളായി കാട്ടിലേക്കു തുരത്തിയ കാട്ടാനകൾ തിരിച്ചെത്താതെ രാത്രി നിരീക്ഷണം നടത്തും. ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ ആനതുരത്തൽ ഏകോപനവും നിരീക്ഷണവും നടത്തും. ദൗത്യസംഘത്തിന് ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തുന്നത് .
ആറളം ഫാം പുനരധിവാസമേഖലയിൽ കാട്ടാന തുരത്തൽ യജ്ഞത്തിനായി നിയോഗിക്കപ്പെട്ട ദൗത്യ സംഘം
താമസക്കാർ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കാൻ നിർദേശം ഉണ്ട്. ആദിവാസി പ്രമോട്ടർമാർ മുഖേനയും പ്രദേശവാസികൾക്ക് വിവരം കൈമാറി. തുരത്തൽ സമയത്ത് റോഡുകളിൽ ഗതാഗതം നിരോധിച്ചു. മുഴുവൻ കാട്ടാനകളെയും ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തിയ ശേഷം തിരികെ എത്താതിരിക്കാൻ താൽക്കാലിക സോളർ തൂക്കുവേലി സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചു ടെൻഡറില്ലാതെ കലക്ടറുടെ പ്രത്യേക അധികാരമുപയോഗിച്ച് ഈ പ്രവൃത്തി നടത്താനും തീരുമാനിച്ചിരുന്നു. ദൗത്യ സംഘത്തിൽ 12 ബോർ ഗൺ, റൈഫിൾ, വാക്കി ടോക്കി എന്നിവയും ആനയെ നിരീക്ഷിക്കുന്നതിനായി ഡ്രോൺ സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്, ബ്ലോക്ക് 12, 13 കളിലെ ആനകളെയാണ് തുരത്തിയത്. ഇത് കൂടാതെ ഒരു ടീം പൂക്കുണ്ട് മുതൽ പരിപ്പ്തോട് വരയുള്ള നിലവിലെ സോളാർ ഫെൻസിങ് ലൈനുകൾ പരിശോധിക്കുകയും ലൈനുകൾ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.
ഇരിട്ടി: വന്യമൃഗശല്യത്തിനെതിരെ സർക്കാറിന്റെ കണ്ണ് തുറപ്പിക്കുന്നതിനും ആറളം ഫാമിൽ ആദിവാസികൾ കാട്ടാനക്കലിയിൽ പിടിഞ്ഞു മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിലും ജനമനസാക്ഷി ഉണർത്തുന്നതിനായി സണ്ണിജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിൽ പ്രതിഷേധമിരമ്പി. സമരത്തിന് പിന്തുണയറിയിച്ച് കർഷക സംഘടനകളും സാമുഹ്യ, സാംസ്കാരിക സംഘടനകളും മതമേധാവികളും സമര വേദിയിൽ അണിചേർന്നു.
തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ആദിവാസികളോടും മലയോര കർഷകരോടും വന്യമൃഗങ്ങൾ കാണിക്കുന്ന മനോഭവം തന്നെയാണ് സംസ്ഥാന സർക്കാറിനുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇരുവിഭാഗങ്ങളും മരണ ഭീതിയുടെ നിഴലിലാണ്. വന്യമൃഗശല്യം തടയാൻ സ്വീകരിക്കുന്ന ഒരു നടപടിയോടും സർക്കാറിന് ആത്മാർഥതയില്ല.
ഇതുണ്ടായിരുന്നുവെങ്കിൽ ആദിവാസി സഹോദരങ്ങളായ വെള്ളിക്കും ലീലക്കും ഇപ്പോൾ ജീവഹാനി സംഭവിക്കില്ലായിരുന്നു. ആറളം ഫാമിലെ ദുരന്തം സർക്കാർ വരുത്തിവെച്ചതാണ്. പട്ടയം ഭൂമിയിൽ കുടിയിരുത്തിയ ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പറ്റുന്നില്ലെങ്കിൽ അത് സർക്കാറിന്റെ കൃത്യവിലോപമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
ഇബ്രാഹിം മുണ്ടേരി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി. സിദ്ദീഖ്, സജീവ് ജോസഫ്, ശിവഗിരിമഠം പ്രേമാനന്ദസ്വാമി, എസ്.എൻ.ഡി.പി ഇരിട്ടി താലൂക്ക് യൂണിയൻ സെക്രട്ടരി പി.എൻ ബാബു, തലശ്ശേരി അതിരൂപത വികാരി ജനറാൽ സിബി പാലക്കുഴി, രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയി തോമസ്, മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽകരീം ചേലേരി എന്നിവർ സമരവേദിയിൽ മുൻനിരയിൽ അണിചേർന്നു.
മറ്റ് നേതാക്കാളായ അഡ്വ. കെ.എ. ഫിലിപ്, അഡ്വ. സോണി സെബാസ്റ്റ്യൻ, വി.എ. നാരായണൻ, കെ.വി. ഫിലോമിനി, കെ.വേലായുധൻ, പി.കെ. ജനാർദനൻ, പി.എ. നസീർ, സുധീപ് ജെയിംസ്, മാത്തുക്കുട്ടി പന്തപ്ലാക്കൽ, അഡ്വ. റോജസ് സെബാസ്റ്റ്യൻ, അഡ്വ. പി.ടി. തോമസ്, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടിമേയർ പി.കെ. ഇന്ദിര, മുഹമ്മദ്ബ്ലാത്തൂർ, ശ്രീജമഠത്തിൽ, ജയ്സൺ കാരക്കാട്ട്, മുഹമ്മദ് ഷമാസ്, ബെന്നിതോമസ്, ജോസ് പൂമല,വി. ശോഭ, സി. അഷ്റഫ്, മേഖലയിലെ യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, പോക്ഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നും ആറളം ഫാമിലെ ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും സണ്ണിജോസഫ് എം.എൽ.എ ഇരിട്ടിയിൽ നടത്തിയ ഏകദിന ഉപവാസം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.