കെ.കെ. രാഗേഷ്
കഴിഞ്ഞതവണ ഇടതുപക്ഷത്തിനുണ്ടായ ചരിത്രവിജയത്തെ മറികടക്കുന്ന വിജയം ഇത്തവണയുണ്ടാകും. ശ്രീകണ്ഠപുരം, പാനൂർ, തളിപ്പറമ്പ് നഗരസഭകളും കഴിഞ്ഞതവണ യു.ഡി.എഫിന് ലഭിച്ച ഏക ബ്ലോക്കായ ഇരിട്ടിയും എൽ.ഡി.എഫ് പിടിച്ചെടുക്കും. പഞ്ചായത്തുകളിൽ കൂടുതൽ സീറ്റുകൾ നേടും. കണ്ണൂർ കോർപറേഷനിലും എൽ.ഡി.എഫ് വിജയം നേടും. മലയോരത്തും തീരദേശത്തും അടക്കം ജില്ലയിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കും.
തെരഞ്ഞെടുപ്പ് പ്രചാരണം നല്ലരീതിയിൽ നടക്കുന്നു. ഇടതുമുന്നണി ഐക്യത്തോടെ മികച്ച സ്ഥാനാർഥികളെ അവതരിപ്പിച്ചാണ് മുന്നോട്ടുപോകുന്നത്. വീടുകൾ കയറിയുള്ള പ്രചാരണവും പൊതുയോഗങ്ങളും കുടുംബയോഗങ്ങളുമടക്കം പുരോഗമിക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, വ്യവസായം, മൃഗസംരക്ഷണം, കാർഷികം, തൊഴിൽ തുടങ്ങിയ മേഖലകളിൽ ഇടതുപക്ഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഏറ്റുപറഞ്ഞാണ് വോട്ടർമാരെ സമീപിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അടക്കമുള്ള വിവാദങ്ങളുടെ പിന്നാലെ എൽ.ഡി.എഫ് പോകുന്നില്ല. തെരഞ്ഞെടുപ്പിൽ പ്രധാനമായി ചർച്ചചെയ്യുന്നത് നാടിന്റെ വികസനമാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത ക്ഷേമ വികസന പ്രവർത്തനങ്ങളാണ് ഇടത് സർക്കാർ നടത്തിയത്. ഒരുകോടിയിലധികം പേർക്ക് ക്ഷേമ ആനുകൂല്യം നേരിട്ടുനൽകുന്ന സംവിധാനം വേറെയെവിടെയും ഇല്ല. ജില്ലയിലടക്കം സ്കൂളുകളും ആശുപത്രികളും അന്താരാഷ്ട്ര നിലവാരത്തിലാണ്.
റോഡുകൾ, പാലങ്ങൾ, മലയോര ഹൈവേ, ദേശീയപാത തുടങ്ങിയ പഞ്ചാത്തല സൗകര്യ വികസനത്തിന് നാട് സാക്ഷ്യം വഹിച്ചു. ദേശീയ പ്രാധാന്യമുള്ള അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, ഡിജിറ്റൽ സർവകലാശാല, ജല മെട്രോ തുടങ്ങിയ 14 സ്ഥാപനങ്ങൾക്കാണ് തുടക്കം കുറിച്ചത്. ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് ഇടത് സർക്കാറിന് പിന്തുടർച്ചയുണ്ടായതാണ് നവകേരള വിസ്മയം സാധ്യമാകാൻ കാരണം. തെരഞ്ഞെടുപ്പിൽ ഇത് ചർച്ചയാവും. നാട് മുഴുവൻ ഇടത് തരംഗമുണ്ടാവും.
കണ്ണൂരിനെ ഒരുകോർപറേഷനെന്ന് വിളിക്കാനാവില്ല. സാധാരണ പഞ്ചായത്തിൽ ഉണ്ടാകുന്ന വികസനംപോലും ഇവിടെയില്ല. സംസ്ഥാന സർക്കാർ അനുവദിക്കുന്ന പദ്ധതികൾപോലും നടപ്പാക്കുന്നില്ല. നഗര റോഡ് നവീകരണം, സ്റ്റേഡിയം നവീകരണം, മേൽപാലം പോലെയുള്ള പദ്ധതികൾ നടപ്പാക്കാനൊരുങ്ങുമ്പോൾ കോർപറേഷൻ തടസ്സം സൃഷ്ടിക്കുകയാണ്. നടപ്പാക്കുന്ന പദ്ധതികൾ അഴിമതി നടത്താനുള്ള വേദിയാക്കുന്നു. ഇത് ജനങ്ങൾ കാണുന്നുണ്ട്. ഇടതുപക്ഷം കൃത്യമായ വികസന കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് എന്തൊക്കെ പദ്ധതികൾ നടപ്പാക്കുമെന്ന ദൃശ്യാവിഷ്‍കാരം ഉൾപ്പെടെ പങ്കുവെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോർപറേഷനിൽ ജനങ്ങൾ അഴിമതിക്കെതിരെ വികനത്തിനായി വോട്ടുചെയ്യും.
മതനിരപേക്ഷ നിലപാട് സ്വീകരിക്കാതെ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ ശക്തികൾ പറയുന്നതാണ് യു.ഡി.എഫ് കേൾക്കുന്നത്. കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും രാഷ്ട്രീയം തീരുമാനിക്കുന്നത് ആർ.എസ്.എസും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയുമാണ്. ആർ.എസ്.എസ് പറയുന്നത് കോൺഗ്രസ് ഏറ്റുപാടുന്നു. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും പറയുന്നത് ലീഗും ഏറ്റെടുക്കുന്നു.
ജാതി, മത അടിസ്ഥാനത്തിൽ രാജ്യം ആഭ്യന്തരമായി വിഭജിതമായിരിക്കുന്ന ഈ കാലഘട്ടത്തിൽ കേരളം മതനിരപേക്ഷതയുടെ ഇടമായി നിലനിൽക്കുന്നതിന്റെ കാരണം ഇടതുപക്ഷമാണ്. ഒരുഭാഗത്ത് ഇടതുപക്ഷം ആർ.എസ്.എസിനെ പ്രീണിപ്പിക്കുകയാണെന്ന് ന്യൂനപക്ഷ വർഗീയവാദികൾ പറയുന്നു. മറുഭാഗത്ത് ആർ.എസ്.എസ് പറയുന്നത് ഞങ്ങൾ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നാണ്. ഇതിന് കാരണം ഇരുവർഗീയതക്കുമെതിരെ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതാണ്.
വർഗീയ കലാപമില്ലാത്ത ഇടമായി ഈ നാട് മാറിയത് ഈ നിലപാടിലൂടെയാണ്. എൽ.ഡി.എഫ് സർക്കാറിന്റെ തുടർച്ചയായ ഒമ്പത് വർഷങ്ങൾ വർഗീയ അസ്വാരസ്യങ്ങൾ ഇല്ലാത്ത ഇടമായി കേരളത്തെ നിലനിർത്തിയത് ജനങ്ങൾ കാണുന്നുണ്ട്. സംഘ്പരിവാർ നാടിനെ വറുതിയിലാക്കാൻ ശ്രമിക്കുകയാണ്. ഇതിനെ ചെറുത്തുകൊണ്ട് പ്രതീക്ഷയുടെ കിരണമായി നിൽക്കുകയാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ പരസ്പരം സഹായിക്കുകയാണ്.
ശബരിമല വിഷയം കോൺഗ്രസ് വർഗീയ മുതലെടുപ്പിനാണ് ഉപയോഗിക്കുന്നത്. ശബരിമലയിലെ സർക്കാർ നിലപാടിനെ തെറ്റായി വ്യാഖ്യാനിച്ച് വോട്ടുതേടുകയാണ്. ഇത്തരം വിഷയങ്ങളിൽ ബി.ജെ.പി ചെയ്യുന്നത് തന്നെയാണ് യു.ഡി.എഫും ചെയ്യുന്നത്. വിശ്വാസം ചൂഷണം ചെയ്തുള്ള രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളയും.
കണ്ണൂരിലെ സി.പി.എമ്മും ഇടതുപക്ഷവും കമ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങളിലൂടെ രൂപപ്പെട്ടതാണ്. വിമത സ്ഥാനാർഥികളോ വിമത സ്വരങ്ങളോ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവില്ല. പാർട്ടിയുടെ ഏതെങ്കിലുമൊരു കോണിനെ പോലും ഇതൊന്നും ബാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.