തലശ്ശേരി ജനറൽ ആശുപത്രിയിൽ എക്സ്റേയെടുത്തു
കഴിഞ്ഞാൽ രോഗികൾക്ക് നൽകുന്ന ഇമേജ്
എക്സ്റേ പ്രിന്റർ തകരാറിൽ; തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ദുരിതം
തലശ്ശേരി: ജനറൽ ആശുപത്രിയിലെ എക്സ്റേ വിഭാഗത്തിലെ പ്രിന്റർ കേടായത് രോഗികൾക്ക് ദുരിതമായി. രണ്ടാഴ്ചയായി എക്സ്റേ നിർദേശിക്കപ്പെടുന്ന രോഗികൾക്ക് അവയവങ്ങളുടെ പ്രിന്റ് ഫിലിം നൽകുന്നില്ല. പകരം ഇതിന്റെ ഇമേജ് മൊബൈൽ ഫോണിൽ പകർത്തി നൽകുകയാണ് ചെയ്യുന്നത്.
എല്ല് ചികിത്സക്ക് മലയോരങ്ങളിൽ നിന്നടക്കമുള്ളവർ ആശ്രയിക്കുന്ന താലൂക്കിലെ പ്രധാന ആതുരാലയമാണിത്. ഇമേജ് ഉപയോഗിച്ചും നിരീക്ഷിച്ചുമുള്ള എല്ലുകളുടെ സ്ഥാനനിർണയം സൂക്ഷ്മമാവുമോ എന്ന ആശങ്ക രോഗികൾക്കുണ്ട്. എക്സ്റേയിൽ കിട്ടുന്ന ക്ലാരിറ്റി ഫോണിൽ നോക്കി ചികിത്സ നിർദേശിക്കാൻ ഡോക്ടർമാർക്കും പ്രയാസമുണ്ടാക്കും.
സ്വന്തമായി ആധുനിക മൊബൈൽ ഫോൺ ഇല്ലാത്ത രോഗികൾക്ക് ഇമേജ് കിട്ടിയാലും ഗുണമാവില്ല. സന്നിഗ്ധ ഘട്ടത്തിൽ ചില രോഗികളെ പുറത്തേക്ക് പറഞ്ഞുവിടുന്നതായും പരാതിയുണ്ട്.
വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ വലതുകാൽപാദം കട്ടിങ് മിഷീനിൽ കുടുങ്ങി ആഴത്തിൽ മുറിവേറ്റ പുന്നോലിലെ ഇലക്ട്രീഷ്യൻ പ്രദിപനും ജനറൽ ആശുപത്രിയിൽ നിന്ന് ഇതേ അനുഭവമുണ്ടായി. എക്സ്റേ എടുത്ത ഇദ്ദേഹത്തിനും ലഭിച്ചത് കാൽപാദത്തിന്റെ ഫോൺ ഇമേജായിരുന്നു.
പ്രദിപനും കൂടെയുള്ളവരുമാണ് കഴിഞ്ഞ കുറേനാളുകളായി എക്സ്റേ വിഭാഗത്തിൽ നടക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരോട് മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോൾ എറണാകുളത്തുനിന്ന് പ്രിന്റർ ഉടനെത്തുമെന്നാണ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.