തലശ്ശേരിയിൽ ട്രെയിൻ കയറവെ യാത്രക്കാരന് ദാരുണാന്ത്യം
തലശ്ശേരി: ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് അറുപത്തഞ്ചുകാരന് ദാരുണാന്ത്യം. പുന്നാട് ചോലക്കണ്ടിയിലെ കുന്നത്ത് ഹാഷിം ഹാജിയാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. മംഗളൂരുവിൽ നിന്നുള്ള ചെന്നൈ എഗ്മോര്‍ എക്സ്പ്രസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ അരക്കുതാഴെ ഗുരുതരമായി പരിക്കേറ്റ ഹാഷിം ഹാജിയെ ആംബുലൻസിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഒരു കാൽ അറ്റിരുന്നു. മട്ടന്നൂരില്‍ പുതുതായി തുടങ്ങുന്ന റെഡിമെയ്ഡ് ഷോപ്പിലേക്ക് സാധനങ്ങള്‍ വാങ്ങാൻ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരിലേക്ക് പോകാനായി എത്തിയതായിരുന്നു.
അഷ്റഫ്, നവാസ് എന്നിവർക്കൊപ്പമാണ് യാത്രക്കുള്ള ടിക്കറ്റ് റിസർവ് ചെയ്തിരുന്നത്. ഹാഷിം ഹാജിക്ക് അപകടം സംഭവിച്ചത് കൂടെ പോകുന്നവർ തത്സമയം അറിഞ്ഞിരുന്നില്ല. രണ്ട് മിനിറ്റാണ് ട്രെയിൻ തലശ്ശേരി സ്റ്റേഷനിൽ നിർത്തിയത്. അപകടശേഷം 22 മിനിറ്റ് കഴിഞ്ഞാണ് ട്രെയിൻ യാത്ര തുടർന്നത്.
തലശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഭാര്യമാർ: റുഖിയ (പയ്യന്നൂർ), സഫ്രീന (മെരുവമ്പായി), റഹ്മത്ത് (പുന്നാട്). മക്കൾ: റഹ്മത്തുല്ല, അർഷാദ്, ഹസൻ, ഹന്നത്ത്, ഫാത്തിമ ഹസാന, മുഹമ്മദ് ആഷിർ, ഫാത്തിമ ഹാഫിസ, ഹസാനു ജഹാൻ, ഹാദി ഹസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.