തീപിടിത്തത്തിൽ നശിച്ച കടകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു
തളിപ്പറമ്പ്: നഗരത്തിലുണ്ടായ വൻതീപിടിത്തത്തിൽ കത്തിനശിച്ച വ്യാപാരസ്ഥാപനങ്ങളിലെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. തിങ്കളാഴ്ച നടന്ന നഗരസഭ അടിയന്തര കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വ്യാപാരികൾ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി അവശേഷിച്ച സാധനങ്ങളും കത്തിനശിച്ച അവശിഷ്ടങ്ങളും നീക്കിത്തുടങ്ങിയത്. ദേശീയപാതയോട് ചേർന്ന് ബസ് സ്റ്റാൻഡിന് സമീപത്തെ കെ.വി കോംപ്ലക്സ് വ്യാപാര സമുച്ചയത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങളും അഗ്നിക്കിരയായി.
സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികൾ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികൾക്കായി അധികൃതരുമായി ചർച്ച നടത്തിയിരുന്നു കഴിഞ്ഞദിവസം ശുചീകരണം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ശുചീകരണം വൈകുകയായിരുന്നു. തിങ്കളാഴ്ച നടന്ന നഗരസഭ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ എല്ലാ കൗൺസിലറും ഒറ്റക്കെട്ടായി ശുചീകരണത്തിനായി ആവശ്യപ്പെട്ടതിനെ തുടർന്ന് ചൊവാഴ്ച രാവിലെ മുതൽ ശുചീകരണം ആരംഭിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
ബുധനാഴ്ച മുതൽ കോംപ്ലക്സിലെ അഗ്നിപടർന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ഇരുമ്പ്, അലൂമിനിയം അവശിഷ്ടങ്ങളും അടർന്നു വീഴാറായ കോൺക്രീറ്റ് പാളികളും ഉൾപ്പെടെ കത്തിനശിച്ച മറ്റ് അവശിഷ്ടങ്ങളും നീക്കും. ഇതിനായി സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തി നഗരസഭ സെക്രട്ടറി പട്ടിക തയാറാക്കിയിട്ടുണ്ട്. വ്യാപാരി നേതാക്കളായ കെ.എസ്. റിയാസ്, വി. താജുദ്ദീൻ, ടി. ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികൾ നടക്കുന്നത്. വ്യാപാരികളായ 200ഓളം പേർ ശുചീകരണത്തിൽ പങ്കെടുത്തു. 10പേർക്ക് കത്തിയ അവശിഷ്ടത്തിൽനിന്ന് മുറിവേറ്റു. താലൂക്ക് ആശുപത്രിയിൽ നിന്നെത്തിയ നഴ്സുമാർ ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.