കണ്ണൂർ ജില്ല ആശുപത്രിയിലെ ഓപറേഷൻ തിയറ്ററിൽ ചോർച്ചയെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയതോടെ രോഗികൾ മടങ്ങുന്നു
കണ്ണൂർ: കനത്ത മഴയിലും കാറ്റിലും കണ്ണൂർ ജില്ല ആശുപത്രിയിലെ ഓപറേഷൻ തിയറ്ററിൽ ചോർച്ചയെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങി. ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെ ഡിസ്ചാർജ് ചെയ്തു. ശസ്ത്രക്രിയക്കായി കണ്ണിൽ മരുന്നൊഴിച്ചും വസ്ത്രം മാറ്റിയും ഒരുങ്ങിയ രോഗികളെയാണ് പെട്ടെന്ന് ഡിസ്ചാർജ് ചെയ്തത്.
ഡോക്ടറുടെ നിർദേശ പ്രകാരം രാവിലെ ഏഴിന് തന്നെ രോഗികൾ ഒരുങ്ങിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി കണ്ണിൽ മരുന്നും ഒഴിച്ചു. രാവിലെ ഒമ്പതിന് ശേഷം ഡോക്ടർമാർ എത്തിയതിന് പിന്നാലെയാണ് ഓപറേഷൻ തിയറ്റർ ചോർന്നതിനാൽ ശസ്ത്രക്രിയ നടക്കില്ലെന്ന് അറിയിച്ചത്.
ചോർച്ചയുള്ളതിനാൽ അണുബാധ സാധ്യതയുള്ളതിനാലാണ് ശസ്ത്രക്രിയ മാറ്റിവെച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇരിട്ടി, കരയത്തുംചാൽ അടക്കം വിദൂര പ്രദേശങ്ങളിൽനിന്ന് എത്തിയ വയോധികർ അടക്കമുള്ള രോഗികൾക്കാണ് ദുരവസ്ഥയുണ്ടായത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചു.
ശസ്ത്രക്രിയ നേരത്തെ നിശ്ചയിച്ചതിനാല്‍ ഞായറാഴ്ച തന്നെ രോഗികളും കൂട്ടിരിക്കാന്‍ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. സംഭവമറിഞ്ഞ് എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചു. രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് ശസ്ത്രക്രിയ മാറ്റിയതെന്നും ചോര്‍ച്ച പരിഹരിച്ച് ഓപറേഷൻ തിയറ്റർ അണുവിമുക്തമാക്കിയ ശേഷം വെള്ളിയാഴ്ചക്കുള്ളില്‍ ശസ്ത്രക്രിയ പുനരാരംഭിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു. ഇതേതുടര്‍ന്നാണ് രോഗികളും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.