കണ്ണൂർ നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽനിന്ന് പിടികൂടിയ പഴകിയ ഭക്ഷണങ്ങൾ
കണ്ണൂര്‍: നഗരത്തിലെ ഹോട്ടലുകളിൽ കണ്ണൂർ കോര്പറേഷന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങളും ഉപയോഗ്യശൂന്യമായ എണ്ണയും പിടിച്ചെടുത്തു. തളാപ്പിലെ എം.വി.കെ ഹെറിറ്റേജ് ഫുഡ്സ്, റാന്തല്‍ എന്നീ ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണവും എണ്ണയും പിടിച്ചെടുത്ത്.
പരാതികളുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. എം.വി.കെയിൽനിന്ന് ചിക്കൻ തന്തൂരി, മട്ടൻ ചാപ്സ്, മട്ടൻ സൂപ്പ്, ചിക്കൻ സൂപ്പ്, റൈസ്, ഭക്ഷ്യഎണ്ണ എന്നിവയാണ് പിടിച്ചെടുത്തത്.
റാന്തലില്നിന്ന് റൈസ്, ചിക്കൻ ചില്ല, ചിക്കൻ ഫ്രൈ തുടങ്ങിയവയും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുത്തു. സമീപത്തെ ബേക്കറിയിലും പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിലും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതിനാൽ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി.
ഹോട്ടലുകളിൽ പഴകിയ മാവ് തുറന്ന് വെച്ച അവസ്ഥയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈസന്‍സ് വ്യവസ്ഥ ലംഘിച്ചതിന് ഇരുസ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ പി.പി. ബൈജു പറഞ്ഞു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജില വളര്പ്പാന്കണ്ടി, പി.എച്ച്.ഐമാരായ ഫിയാസ്, ആര്. ബിന്ദു, ഇ. ഇന്ദിര എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.