ശമ്പളം കിട്ടാതെ സർക്കാർ പ്രൈമറി പ്രഥമാധ്യാപകർ

ശ്രീകണ്ഠപുരം: സംസ്ഥാനത്താകെ തസ്തികക്ക് അനുവദിച്ച ശമ്പളം ലഭിക്കാതെ 2,200 ഓളം സർക്കാർ പ്രൈമറി പ്രഥമാധ്യാപകർ. 2021 നവംബർ തൽസ്ഥാനക്കയറ്റം ലഭിച്ച സർക്കാർ പ്രൈമറി (എൽ.പി, യു.പി) പ്രഥമാധ്യാപകർക്കാണ് യോഗ്യതകൾ ഉണ്ടായിട്ടും തസ്തികക്ക് കിട്ടേണ്ടുന്ന ശമ്പളം ലഭിക്കാതിരിക്കുന്നത്.

എയ്ഡഡ് മേഖലയിലുള്ള പ്രഥമാധ്യാപകർക്ക് കൃത്യമായി ശമ്പള സ്കെയിൽ ലഭിക്കുമ്പോഴാണ് സർക്കാർ സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് ഇപ്പോഴും സാദാ അധ്യാപക ശമ്പളം മാത്രം നൽകുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിൽ പ്രഥമാധ്യാപകർ വകുപ്പുതല പരീക്ഷ പാസാവണമെന്ന നിബന്ധന വന്നതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹാരമാകാതെ അനിശ്ചിതമായി നീളുന്നതാണ് സർക്കാർ പ്രഥമാധ്യാപകരുടെ ശമ്പളത്തെ ബാധിച്ചത്.

അതിനാൽ കഴിഞ്ഞ മാർച്ചിൽ നിരവധി പ്രഥമാധ്യാപകരാണ് ശമ്പള സ്കെയിൽ കിട്ടാതെ വിരമിച്ചത്. ഭൂരിഭാഗം അധ്യാപകരും വകുപ്പുതല പരീക്ഷ പാസായവരും അമ്പതു വയസ്സു കഴിഞ്ഞവരുമാണ്. എന്നിട്ടുപോലും അർഹമായ ശമ്പളം ലഭിക്കാത്തത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.

വിദ്യാലയത്തിന്റെ മുഴുവൻ ചുമതലകളും വഹിക്കുന്നതോടൊപ്പം ഒരു ക്ലാസിന്റെ ചുമതലയും വഹിക്കുന്നവരാണ് പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർ. കൂടാതെ ഉച്ചഭക്ഷണ പദ്ധതി, ക്ലാസ് മേൽനോട്ടം, ഓഫിസിലെ എഴുത്തുകുത്തുകൾ എന്നിവയും പ്രഥമാധ്യാപകരാണ് നിർവഹിക്കേണ്ടത്.

ഇത്രയേറെ ഭാരിച്ച ചുമതലകൾ വഹിക്കുന്നതിനിടെ ഉച്ചഭക്ഷണ പദ്ധതിക്ക് കൃത്യമായി പണം ലഭിക്കാത്തതിനാൽ സ്വന്തമായി പണം കണ്ടെത്തി കുട്ടികൾക്ക് മുടങ്ങാതെ ഭക്ഷണം നൽകേണ്ടിവരുന്നതും പ്രസ്തുത അധ്യാപകരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്.

കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയത്തിൽ സർക്കാർ അടിയന്തര ഇടെപടൽ നടത്തണമെന്നും സർക്കാർ പ്രൈമറി പ്രഥമാധ്യാപകരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂൾതലം മുതൽ നടക്കാനിരിക്കുന്ന കല-കായിക മേളകളടക്കം ബഹിഷ്ക്കരിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. 

Tags:    
News Summary - Government primary teachers without salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.