ശ്രീകണ്ഠപുരം വേളായി കയറ്റത്തിൽ കാടിനുള്ളിലെ കെട്ടിടം

ശ്രീകണ്ഠപുരം: നിടിയേങ്ങ റോഡരികിൽ വേളായി കയറ്റത്തിൽ കൃഷിഭവനുവേണ്ടിയെന്നു പറഞ്ഞ് നിർമിച്ച കെട്ടിടം കാടുമൂടിയ നിലയിലായിട്ടും അധികൃതർക്ക് മൗനം. വർഷങ്ങൾക്കുമുമ്പ്​ ലക്ഷങ്ങൾ മുടക്കിയാണ് കെട്ടിടം നിർമിച്ചതെങ്കിലും പണി പൂർത്തിയായതോടെ അധികൃതർ തന്നെ കെട്ടിടത്തി​െൻറ കാര്യം വിസ്​മരിച്ച മട്ടാണ്​. കെട്ടിട നിർമാണത്തിന് നേതൃത്വം നൽകിയ പലരും സർവിസിൽനിന്ന്​ വിരമിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ കെട്ടിടം പൂർണമായും കാടിനുള്ളിലായ സ്ഥിതിയാണ്. റോഡരികിലുള്ള കെട്ടിടം ഇന്ന് കാണാൻപോലും കഴിയാത്ത നിലയിൽ കാടുകയറി.

കെട്ടിടം നിർമിച്ച് കുറച്ചു വർഷങ്ങളിൽ ഇവിടം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിരുന്നെന്നും ആർക്കും കടക്കാൻ പറ്റാത്ത രീതിയിൽ കാടുമൂടിയപ്പോഴാണ് ഇവരുടെ ശല്യം ഇല്ലാതായതെന്നും പ്രദേശവാസികൾ പറയുന്നു. നിലവിൽ കൃഷിഭവൻ കെട്ടിടം നഗരസഭ ഓഫിസ് സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്.

ശ്രീകണ്ഠപുരത്ത് നിരവധി സർക്കാർ ഓഫിസുകൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് സർക്കാർ ചെലവിൽ പണിത കെട്ടിടം ആരും കാണാതെ കാടിനുള്ളിൽ കിടക്കുന്നത്. ശ്രീകണ്ഠപുരം എക്സൈസ് ഓഫിസ്, സബ് ട്രഷറി, കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസ് തുടങ്ങിയ പ്രധാന ഓഫിസുകളെല്ലാം വാടക ക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശ്രീകണ്ഠപുരത്ത് അഗ്നിരക്ഷാനിലയം പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വന്തം ഭൂമിയും കെട്ടിടവുമില്ലാത്തത് തടസ്സമാണ്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് സർക്കാർ കെട്ടിടം നശിക്കുന്നത്. നിർമാണ ശേഷം ഉപയോഗിക്കാതെ വെച്ച കെട്ടിടം കാലപ്പഴക്കത്താൽ ഭാഗികമായി നശിച്ചിട്ടുണ്ട്. കാടുവെട്ടിത്തെളിച്ച് നവീകരിച്ചാൽ മാത്രമേ ഇനി ഉപയോഗിക്കാൻ കഴിയുകയുള്ളു.

കെട്ടിടത്തി​െൻറ നിർമാണത്തിൽ വൻ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

Tags:    
News Summary - sreekandapuram Krishi Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.