കണ്ണൂർ: ദേശീയപാതയിൽ പുതിയതെരു -പള്ളിക്കുളം ജങ്ഷനിൽ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷ ബോർഡുകൾ സ്ഥാപിക്കും. അഴീക്കോട് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനം ചെയ്യാൻ കെ.വി. സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പള്ളിക്കുളം ജങ്ഷനിൽ നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്നത് ജനങ്ങൾ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. റോഡിന്റെ വീതിക്കുറവും വാഹനപ്പെരുപ്പവും കൃത്യമായ ബസ് ബേകൾ ഇല്ലാത്തതുമാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം.
പള്ളിക്കുളം ജങ്ഷനിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയാണ്. നിലവിലെ റോഡ് നാലുവരി പാതയായി നവീകരിക്കും.
ആധുനിക രീതിയിൽ ഡിവൈഡറുകളും ലൈറ്റുകളും ബസ് ബേകളും ഉൾപ്പെടുത്തും. പദ്ധതി യാഥാർഥ്യമാവുന്നതോടെ അപകടങ്ങളും പുതിയതെരുവിലെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കിനും പൂർണ പരിഹാരമാകും.
പുതിയതെരു മുതൽ താഴെചൊവ്വ വരെയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിലെ പ്രധാന റോഡ്. കളരിവാതുക്കൽ റോഡ് നവീകരണം, ഇ.എം.എസ് സ്മാരക പാപ്പിനിശ്ശേരി ഹയർസെക്കൻഡറി, അരോളി ഗവ. ഹയർ സെക്കൻഡറി, ഗവ. ഹയർസെക്കൻഡറി സ്കൂൾ അഴീക്കോട് മീൻകുന്ന് എന്നീ മൂന്ന് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയ പദ്ധതികൾ വേഗത്തിലാക്കാനും പുതിയ പദ്ധതികളുടെ സാങ്കേതിക നടപടികൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.