രേഷ്‌മ 15ാം പ്രതി; കുറ്റമറിഞ്ഞ് കൂട്ടുനിന്നുവെന്ന് അന്വേഷണസംഘം

തലശ്ശേരി: നിജിൽദാസിന്‌ വീട്ടിൽ ഒളിച്ചുതാമസിക്കാൻ സൗകര്യമൊരുക്കിയത് അധ്യാപിക രേഷ്മ അറിഞ്ഞുകൊണ്ടു തന്നെയാണെന്ന് അന്വേഷണസംഘം. പൊലീസ് കസ്റ്റഡിയിലെടുത്ത രേഷ്മയുടെ ഫോണിലെ വാട്സ്ആപ്പ് കോളുകൾ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പൊലീസ് ഉറപ്പിച്ചത്. അധ്യാപികയുടെ മകളുടെ പേരിലെടുത്ത സിം കാർഡാണ് ഗൂഢാലോചനയിലെ മുഖ്യപ്രതിയായ നിജിൽദാസ് ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എൻ. രേഷ്‌മയെ കേസിൽ പതിനഞ്ചാം പ്രതിയാക്കിയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ന്യൂമാഹി പൊലീസ്‌ റിമാൻഡ്‌ റിപ്പോർട്ട് നൽകിയിട്ടുള്ളത്. കൊലക്കേസിൽ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ വീട്ടിൽ ഒളിപ്പിച്ച്‌ താമസിപ്പിച്ച കുറ്റത്തിനാണ്‌ കേസ്‌. 14ാം പ്രതി നിജിൽദാസിനെ പിണറായി പാണ്ട്യാലമുക്കിലെ രേഷ്‌മയുടെ വീട്ടിൽനിന്ന്‌ വെള്ളിയാഴ്‌ച പുലർച്ചെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നിജിൽദാസുമായി ഒരുവർഷമായി രേഷ്‌മക്ക്‌ ബന്ധമുണ്ട്‌. ഇടക്കൊക്കെ വീട്ടിൽ വരാറുണ്ട്‌.

പുന്നോലിലെ ഹരിദാസൻ വധക്കേസിലെ പ്രതിയാണെന്നും അറിയാം. കുറച്ചുദിവസം ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്‌തുതരണമെന്ന്‌ വിഷുവിന്‌ ശേഷം നിജിൽദാസ്‌ ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌ 17 മുതൽ പാണ്ട്യാലമുക്കിലെ വീട്ടിൽ താമസിക്കാൻ സൗകര്യം ചെയ്‌തതെന്ന്‌ രേഷ്‌മയും മൊഴിനൽകി. വിശദമായി ചോദ്യംചെയ്‌ത ശേഷം വെള്ളിയാഴ്‌ച രാത്രിയാണ്‌ രേഷ്‌മയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

കൊലപാതകം, വധഗൂഢാലോചന ഉൾപ്പെടെ മറ്റുപ്രതികൾക്കെതിരായ വകുപ്പുകൾക്ക്‌ പുറമെ കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഒളിച്ചുകഴിയാൻ സഹായിച്ചതിന്‌ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 212ാം വകുപ്പും രേഷ്‌മക്കെതിരെ ചുമത്തി. മൊബൈൽ ഫോൺ ബന്ധമടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചശേഷമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

ശനിയാഴ്ച തന്നെ ഇവരെ ജാമ്യത്തിലിറക്കാനും കണ്ണൂരിലെ വനിത സ്പെഷൽ ജയിലിൽ നിന്നും വീട്ടിലെത്തിക്കാനും ബി.ജെ.പി പ്രവർത്തകരാണ് രംഗത്തെത്തിയത്. വാഹനം ഏർപ്പാടാക്കിയതും അവർതന്നെ. പ്രതിപ്പട്ടികയിലുള്ള രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ട്.

Tags:    
News Summary - Reshma 15th accused in haridas murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.