ഇരിക്കൂർ: വിശുദ്ധ റമദാൻ ചരിത്രത്തിൽ എന്നും ഇരിക്കൂറുകാർക്ക് മറക്കാനാവാത്ത വേറിട്ട ഒട്ടേറെ അനുഭവങ്ങളുണ്ട്. അത്താഴക്കൊട്ടും ചോറ്റോതിയും വെള്ളപ്പോളയും ചക്കരപ്പോളയുമെല്ലാം പുതു തലമുറക്കറിയാത്ത ഈ മണ്ണിന്റെ മാത്രം നോമ്പോർമകളിലുണ്ട്. അത്താഴക്കൊട്ടിനെ പറ്റി പറയാൻ പഴമക്കാർക്ക് നൂറുനാവാണ്. അരനൂറ്റാണ്ട് മുമ്പാണ് ഇരിക്കൂറിൽ അത്താഴക്കൊട്ട് തുടങ്ങിയത്. റമദാൻ മാസപ്പിറവി തുടങ്ങിയാൽ അത്താഴ സമയമാവുമ്പോള്‍ നാട്ടുകാരെ ഉറക്കത്തിൽനിന്ന് ഉണർത്തി അത്താഴം കഴിക്കാനാണ് അത്താഴക്കൊട്ട് നടത്തിയത്. ഇവിടത്തെ പുത്തന്‍പുര മേമിയാണ് അതിന് ചുക്കാൻ പിടിച്ചിരുന്നത്. അതുകൊണ്ട് തന്നെ മേമിക്കയെ അറിയാത്തവർ ആരും പഴയ തലമുറയിൽ ഉണ്ടാവില്ല.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്നുപേർ ഒരു ചെണ്ട തലയിൽവെച്ച് ഇരുഭാഗങ്ങളിൽനിന്നും ഉച്ചത്തിൽ കൊട്ടി പ്രദേശമാകെ നടന്ന് ആളുകളെ ഉണര്‍ത്തി. ഓരോ വീടിന്റെയും പരിസരത്തെത്തി ചെണ്ടമുട്ടി അത്താഴത്തിനു നേരമായി, ഉണർന്ന് അത്താഴം കഴിച്ച് കിടക്കണം എന്ന് പറയുമായിരുന്നു. മേമിക്ക മരണപ്പെട്ടതോടെ അത്താഴക്കൊട്ട് (അത്താഴ മുട്ട്) നിലച്ചു. പിന്നീട് സാങ്കേതിക വിദ്യകളെ ആശ്രയിച്ച് അത്താഴ സമയം എഴുന്നേൽക്കുന്ന സ്ഥിതിയിലേക്ക് ഇരിക്കൂറുകാരും എത്തി.
അന്ന് അത്താഴത്തിന് ചോറ് തന്നെ വേണമെന്ന നിര്ബന്ധമുള്ളവര് തറാവീഹ് നമസ്കാരത്തിന് ശേഷം ഒരു ചോറ്റോതി ഉണ്ടാക്കുന്ന രീതിയും നാട്ടിലുണ്ടായിരുന്നു. ചോറും മീന്‍ മുളകിട്ട കറിയും ഒന്നിച്ചുചേർത്ത് വാഴയിലയില്‍ കെട്ടി അത്താഴ സമയം വരെ സൂക്ഷിച്ചിരുന്നു. ഇതായിരുന്നു ചോറ്റോതി.
നോമ്പ് പത്തിനുള്ളില്‍ ഭാര്യ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ‘സലാനും’ കൊണ്ടുപോവുക എന്നൊരു മാമൂല് കൂടി ഇവിടെയുണ്ടായിരുന്നു. ഭാര്യയുടെ ഉപ്പയും, ഉമ്മയും, മറ്റു മുതിര്‍ന്നവരും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പലഹാരങ്ങളും മറ്റു നോമ്പുതുറ സാധനങ്ങളും ഉണ്ടാക്കി നോമ്പ് തുറക്കാന്‍ പോകുന്നതിനെയാണ് സലാനും കൊണ്ട് പോവുക എന്ന് പറയുന്നത്. നോമ്പ് കാലത്ത് മാത്രമുള്ള ഇരിക്കൂറിന്റെ സ്പെഷലായിരുന്നു വെള്ളപ്പോളയും ചക്കരപ്പോളയും. ഇവ വിൽപന നടത്തുന്ന നിരവധി പേർ മേഖലയിലുണ്ടായിരുന്നു.
ഉച്ച മുതൽ വൈകീട്ടുവരെ ഇത്തരം അപ്പക്കച്ചവടക്കാർ ടൗണിലും പരിസരങ്ങളിലുമുണ്ടാവും. അവരിൽ നിന്ന് അപ്പങ്ങൾ വാങ്ങി വീടുകളിലേക്ക് കൊണ്ടു പോവുക പതിവായിരുന്നു. സൗജന്യമായി നോമ്പ് കഞ്ഞി തയാറാക്കി പാവങ്ങൾക്ക് വിതരണം ചെയ്യുന്ന കാലം കൂടിയായിരുന്നു അത്. അന്നത്തെ മര വ്യാപാരിയായിരുന്ന കിണാക്കൂൽ ഖാദർ ഹാജിയുടെ നേതൃത്വത്തിൽ ജുമുഅത്ത് പള്ളി പരിസരത്തുവെച്ചായിരുന്നു കഞ്ഞി വെച്ച് വിതരണം ചെയ്തിരുന്നത്.
വലുതും ചെറുതുമായ പാത്രങ്ങളുമായി ഒട്ടേറെപ്പേർ വിവിധ ദേശങ്ങളിൽ നിന്നടക്കം ഇരിക്കുറിലെത്തിയിരുന്നു. കഞ്ഞി വാങ്ങാൻ ചെമ്പിനടുത്ത് നീണ്ട വരിയായിട്ടാണ് ആളുകൾ നിന്നിരുന്നത്. ഒരിക്കൽ വരിയിലെ പിന്നിൽ നിന്ന് തള്ളുണ്ടായപ്പോൾ മുന്നിൽ കഞ്ഞി വാങ്ങാൻ നിന്ന ഒരു കുട്ടി തിളച്ച കഞ്ഞിയിലേക്ക് വീണ് വെന്തുമരിച്ച ഒരു ദുരന്തവുമുണ്ടായിരുന്നു. പിന്നീട് കഞ്ഞി വിതരണവും ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.