കണ്ണൂർ: ഉച്ചക്ക് 2.30നാണ് കാസർകോട്ടുനിന്ന് ഞാൻ വന്ദേഭാരത് എക്സ്പ്രസിൽ കയറിയത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ കാണുന്നതിന് കോഴിക്കോട്ടേക്കാണ് യാത്ര. കാന്തപുരത്തെ കണ്ട് വൈകീട്ടുതന്നെ തിരിച്ചുവരുന്ന വിധമാണ് യാത്ര പ്ലാൻ ചെയ്തത്. എക്സിക്യൂട്ടിവ് കോച്ചിലായിരുന്നു യാത്ര. ഏകദേശം കൃത്യസമയത്ത് കണ്ണൂർ സ്റ്റേഷനിലെത്തി. കണ്ണൂരിലെത്തിയപ്പോൾ പൊടുന്നനെ എ.സി പ്രവർത്തനം നിലച്ചു. വാതിലുകൾ തുറക്കാനുമായില്ല. സ്റ്റേഷനിൽ എത്തിയിട്ടും ഓട്ടോമാറ്റിക് ഡോറുകൾ തുറക്കാതായതോടെ എല്ലാവരും ആശങ്കയിലായി. ലൈറ്റും എ.സിയുമെല്ലാം നിലക്കുകയും ഡോറുകൾ തുറക്കാതാവുകയും ചെയ്തതോടെ അകത്തിരുന്നവർ ബഹളം വെച്ചു. അടച്ചിട്ട കോച്ചിലിരുന്ന് ചൂട് സഹിക്കാതെ കുട്ടികൾ കരയാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്നറിയാൻ മിക്കവരും ഡോറിനടുത്തേക്ക് വന്നു. 15 മിനിറ്റിനുശേഷം ഡോറുകൾ തുറന്നതോടെയാണ് ആളുകൾക്ക് ശ്വാസം നേരെ വീണത്.
വൈദ്യുതി തകരാറാണെന്നും പരിഹരിച്ചതായും അധികൃതർ അറിയിച്ചു. മുൻമന്ത്രി ഷിബു ബേബി ജോണും ഭാര്യയും ഉൾപ്പടെയുള്ളവർ കണ്ണൂരിൽനിന്ന് കയറി. ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയവരാണവർ.
വാഹനം നീങ്ങാൻ തുടങ്ങി നിമിഷങ്ങൾക്കകം അതേ തകരാർ വീണ്ടും. ഇതോടെ, ട്രെയിൻ വീണ്ടും പിടിച്ചിട്ടു. ലൈറ്റും എ.സിയുമെല്ലാം നിലച്ചതോടെ ആളുകളുടെ ആശങ്ക വർധിച്ചു. സാധാരണ ഇത്തരം പ്രശ്നം വന്നാൽ യാത്രക്കാർ പുറത്തിറങ്ങുകയാണ് പതിവ്. വാതിലുകൾ തുറക്കാൻ കഴിയാത്തതിനാൽ അതിനും കഴിഞ്ഞില്ല. ഒരു മണിക്കൂറിലധികം കണ്ണൂരിൽ ട്രെയിൻ കുടുങ്ങി. പിന്നീട് വണ്ടി നീങ്ങിയെങ്കിലും ഒച്ചിന്റെ വേഗമായിരുന്നു. എടക്കാടുവരെ തകരാർ വന്നും പോയും തുടർന്നു. തലശ്ശേരിയും കഴിഞ്ഞ് വടകര എത്തിയപ്പോഴാണ് സാധാരണ നിലയിലേക്ക് ട്രെയിൻ മാറിയത്.
കണ്ണൂരിൽ നിർത്തിയിട്ട വേളയിൽ ചെന്നൈ സെൻട്രൽ മെയിലും പുണെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസും വന്ദേഭാരതിനെ മറികടന്നുപോയി.
കരിപ്പൂരിൽനിന്ന് ഗൾഫിലേക്ക് പോകുന്നതിന് കാസർകോട്ടുനിന്ന് കയറിയവർ തൊട്ടടുത്തുനിന്ന് പ്രയാസപ്പെടുന്നുണ്ടായിരുന്നു. ലഗേജുമായി വാതിലിനിടുത്തുനിന്ന് വിയർക്കുകയായിരുന്നു അവർ. ആളുകൾ നേരത്തേ എത്താനാണ് വന്ദേഭാരതിൽ കയറുന്നത്. ഇതിപ്പോൾ രണ്ടുമണിക്കൂറോളമാണ് വൈകിയത്. രണ്ടരക്ക് കാസർകോട്ടുനിന്ന് കയറി 4.28ന് കോഴിക്കോട്ടെത്തേണ്ട ഞാൻ രണ്ടു മണിക്കൂർ വൈകി ആറരയോടെയാണ് എത്തിയത്. വല്ലാത്ത യാത്രയായിപ്പോയി ഇത്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.