കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവൃത്തിയാരംഭിച്ചപ്പോൾ
കണ്ണൂർ: അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വകാര്യ കമ്പനിക്ക് വാണിജ്യാവശ്യത്തിന് പാട്ടത്തിന് നൽകിയ ഭൂമിയിൽ പ്രവൃത്തി തുടങ്ങി. റെയിൽവേ ഭൂമി സ്വകാര്യ മേഖലക്ക് സൗജന്യ നിരക്കിൽ വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധ സമരം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്ത് ടെക്സ് വർത്ത് കമ്പനിക്ക് പാട്ടത്തിന് കൊടുത്ത 4.93 ഏക്കർ ഭൂമിയിലാണ് പ്രവൃത്തി തുടങ്ങിയത്.
സ്റ്റേഷന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണമാണ് തുടങ്ങിയത്. പടിഞ്ഞാറുഭാഗത്ത് 4.93 ഏക്കറാണ് വാണിജ്യാവശ്യത്തിന് പാട്ടത്തിന് കൊടുത്തത്. ഇവിടെയുള്ള ആരോഗ്യ കേന്ദ്രം മാറ്റുന്നയിടത്താണ് പ്രവൃത്തി നടക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിഴക്കേ കവാട പരിസരത്തെ 2.26 ഏക്കറിൽ റെയിൽവേക്കായി നിർമിച്ചു കൊടുക്കേണ്ട റെയിൽവേ കോളനി സമുച്ചയത്തിന്റെ പണിയും ആരംഭിക്കും. ഇവിടെ പഴയ കെട്ടിടം പൊളിക്കൽ ഏകദേശം കഴിയാറായി. 2022 സെപ്റ്റംബറിലാണ് റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി 24.63 കോടി രൂപക്ക് കണ്ണൂരിലെ 7.19 ഏക്കർ ഭൂമി പാട്ടത്തിന് നൽകിയത്. സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗം 4.93 ഏക്കർ വാണിജ്യാവശ്യത്തിന് ഉപയോഗിക്കും. കിഴക്ക് ഭാഗം 2.26 ഏക്കർ റെയിൽവേ കോളനി നിർമാണം നടത്താനാണ് കരാർ. ഇത്രയും വർഷത്തേക്ക് പാട്ടത്തിന് നൽകുമ്പോൾ ഭൂമി തിരിച്ചുകിട്ടാനുള്ള സാധ്യത കുറവാണെന്നാണ് വിവരം.
15 ലക്ഷത്തിന് മുകളിലാണ് ഇവിടെ നിലവിൽ സെന്റിന് വില. അത്തരത്തിൽ നോക്കുമ്പോൾ നൂറുകോടി രൂപയെങ്കിലും നഷ്ടത്തിലാണ് കരാർ നൽകിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. റോഡുകൾ ഉൾപ്പെടെ റെയിൽവേ വികസനത്തിന് കോടാലിവെച്ചാണ് സ്വകാര്യ കമ്പനിക്ക് വാണിജ്യാവശ്യത്തിന് പാട്ടത്തിന് ഭൂമി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.