ചിറക്കൽ: പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണം ചെറിയ മാറ്റങ്ങളോടെ തുടരാനും പരാതിക്കിടയായ ബസ് സ്റ്റോപ് മാറ്റി സ്ഥാപിക്കാനും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചതായി കെ.വി. സുമേഷ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർഥം തളിപ്പറമ്പ് ഭാഗത്തേക്കുള്ള ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള ബസുകൾക്ക് പള്ളിക്കുളത്ത് ബുധനാഴ്ച മുതൽ സ്റ്റോപ് അനുവദിക്കും. ഇതിന് പുറമേ ലോക്കൽ ബസുകൾക്ക് മാഗ്നറ്റ് ഹോട്ടലിന് എതിർവശം പുതിയ സ്റ്റോപ് അനുവദിക്കും.
ഹൈവേ ജങ്ഷന് സമീപത്തേക്ക് മാറ്റിയ പുതിയ ബസ് സ്റ്റോപ് തുടരും. അവിടെ എല്ലാ ബസുകൾക്കും സ്റ്റോപ് അനുവദിക്കും. യൂ ടേൺ എടുക്കുന്നതിനു മുമ്പായി മയ്യിൽ ഭാഗത്തേക്കുള്ള ബസുകളും ഇവിടെ നിർത്താൻ അനുവദിക്കുന്നതാണ്.
വില്ലേജ് ഓഫിസിന് എതിർവശത്തെ പഴയ ബസ് സ്റ്റോപ് കെ.എസ്.ഇ.ബിയുടെ അനുമതിയോടെ ട്രാൻസ്ഫോർമർ ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിച്ച് ആധുനിക സംവിധാനത്തോടെ സ്ഥിരം ബസ് ബേ സ്ഥാപിക്കും.
പുതിയ ബസ് ബേ പൂർത്തീകരിക്കുന്നതുവരെ തളിപ്പറമ്പ്, അഴീക്കോട് ഭാഗത്തേക്കുള്ള ലോക്കൽ ബസുകൾക്ക് ഭാവിയിൽ പുതുതായി നിർമിക്കുന്ന ബസ് ബേയിൽ സ്റ്റോപ് അനുവദിക്കും.
മയ്യിൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് പരിഷ്കരണത്തിൽ തുടരുന്നതു പോലെ ഷോപ്പിങ് ക്ലോംപ്ലക്സിൽ തുടരും. കണ്ണൂരിൽ നിന്നും വരുന്ന പയ്യന്നൂർ, കാസർകോട് ലിമിറ്റഡ് ബസുകൾ പള്ളിക്കുളത്തും ഇപ്പോൾ നിർത്തി വരുന്ന ടെമ്പോ സ്റ്റാൻഡിനു മുൻവശവും സ്റ്റോപ് അനുവദിക്കും. വാർത്തസമ്മേളനത്തിൽ കെ.വി. സുമേഷ് എം.എൽ.എക്കു പുറമെ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, വളപട്ടണം സി.ഐ ടി.പി. സുമേഷ്, എസ്.ഐ പി. ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.