കേളകം: കേളകത്തെ ഡെങ്കിപ്പനി ബാധിത മേഖലകളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യ വകുപ്പ്. കേളകം പഞ്ചായത്തിലെ വളയഞ്ചാൽ, കുണ്ടേരി, വെണ്ടേക്കുംചാൽ, പാറത്തോട് പ്രദേശങ്ങളിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തതായും വേനൽ മഴയെ തുടർന്ന് മറ്റിടങ്ങളിലേക്ക് വ്യാപിച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ ടാപ്പിങ് നിർത്തിയ റബർ തോട്ടങ്ങളിൽ ചിരട്ടകൾ എടുത്തു മാറ്റാതെ അവയിൽ വെള്ളം കെട്ടിനിന്ന് കൂത്താടികൾ പെരുകിയത് കാണപ്പെട്ടതായും ഈഡിസ് കൊതുകുകൾ പെരുകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ പറയുന്നു.
ടാപ്പിങ് നിർത്തിയ തോട്ടങ്ങളിൽ നിന്നും ചിരട്ടകൾ പൂർണമായി എടുത്തുമാറ്റുകയും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. ഇത്തരത്തിൽ തോട്ടങ്ങളിലൂടെ ഡെങ്കിപ്പനി പടരുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. ഇത്തരം കാര്യങ്ങൾ പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.
കേളകം പഞ്ചായത്തിലെ ഭൂരിപക്ഷം വാർഡുകളിലും ഡെങ്കിപ്പനി ബാധിച്ച് നിരവധി പേർ ചികിത്സ തേടിയ സാഹചര്യത്തിൽ അടക്കാത്തോട്, ചെട്ടിയാംപറമ്പ്, കേളകം എന്നിവിടങ്ങളിൽ അടിയന്തരമായി മെഡിക്കൽ ക്യാമ്പുകളും ഫോഗിങ്ങും നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്തിൽ 29 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് കണക്ക് പുറത്തുവിട്ടെങ്കിലും എണ്ണം ഇതിലും പലമടങ്ങ് അധികമാണ്. കേളകം അഞ്ചാം വാർഡിൽ നിരവധി പേർ ചികിൽസയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.