ജലജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സെമിനാറിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ സംസാരിക്കുന്നു
വയറിളക്കത്തിനെതിരെ പ്രതിരോധം തീർക്കാൻ ആരോഗ്യ വകുപ്പ്
കണ്ണൂർ: സാധാരണ അസുഖമാണെന്ന ചിന്തയിൽ വേണ്ടത്ര ജാഗ്രത നൽകാത്തതും എന്നാൽ, മരണത്തിലേക്കുപോലും നയിച്ചേക്കാവുന്നതുമായ വയറിളക്കത്തിനെതിരെ പ്രതിരോധം തീർക്കാൻ ആരോഗ്യ വകുപ്പ്. വയറിളക്കത്തിന്റെ ഭാഗമായി നിർജലീകരണം സംഭവിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. ജില്ലയിൽ നിർജലീകരണം ബാധിച്ച മരണങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വയറിളക്ക രോഗപ്രതിരോധ നിയന്ത്രണ ബോധവത്കരണ പരിപാടി തുടങ്ങുന്നത്.
ലോകത്തിൽ അഞ്ചുവയസ്സിന് താഴെയുള്ള നാല് ലക്ഷത്തോളം കുട്ടികളും അഞ്ചു മുതൽ ഒമ്പതുവരെ പ്രായമുള്ള 50,000ത്തോളം കുട്ടികളും ഓരോ വർഷവും വയറിളക്കംമൂലം മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രായമായവരിൽ വയറിളക്കംമൂലമുള്ള മരണവും ഏറെയാണ്. ശരീരത്തിലുള്ള ലവണങ്ങൾ നഷ്ടപ്പെടുന്നതും മരണത്തിലേക്ക് നയിക്കും. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസർജനവും കുട്ടികളുടെ ഡയപ്പർ അടക്കമുള്ള മാലിന്യങ്ങൾ പൊതുവിടങ്ങളിൽ തള്ളുന്നതും വയറിളക്കം പടരുന്നതിന് കാരണമാകും. രണ്ടാഴ്ച മുമ്പ് ജില്ല ആസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലിലെ അമ്പതിലേറെ വിദ്യാർഥികൾക്കാണ് വയറിളക്കമുണ്ടായത്.
സ്റ്റോപ് ഡയേറിയ കാമ്പയിൻ 2024 എന്ന പേരിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന വയറിളക്ക രോഗപ്രതിരോധ നിയന്ത്രണ ബോധവത്കരണ പരിപാടികളാണ് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നത്. ‘വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാം, ശുചിത്വപാലനത്തിനും ഒ.ആർ.എസ് ഉപയോഗത്തിനും ശ്രദ്ധ നൽകാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം.
ജില്ലയിൽ ഡി.എം.ഒ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം സ്റ്റോപ് ഡയേറിയ കാമ്പയിൻ സമാരംഭവും ലോക ഒ.ആർ.എസ് ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനവും തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർമാൻ മുർഷിദ കൊങ്ങായി നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. എ. ദേവിക അധ്യക്ഷത വഹിച്ചു. ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർമാരായ ടി. സുധീഷ്, എസ്.എസ്. ആർദ്ര, യു. ബിൻസി രവീന്ദ്രൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീജ, ശാന്ത എന്നിവർ സംബന്ധിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ ജലജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.
ഒഴിവാക്കരുത് ഒ.ആർ.എസ്
ഓറൽ റീഹൈഡ്രേഷൻ സോൾട്ട് അല്ലെങ്കിൽ സൊല്യൂഷൻ (ഒ.ആർ.എസ്) വയറിളക്കത്തിനെ തുരത്താൻ സഹായിക്കും. സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം സിട്രേറ്റ് എന്നീ സംയുക്തങ്ങളോടൊപ്പം ഗ്ലൂക്കോസും കൃത്യമായ അളവിൽ ചേർന്നതാണിത്. വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ ഒ.ആർ.എസ് അഥവാ പാനീയ ചികിത്സ തുടങ്ങണം. ഇതുവഴി രോഗം ഗുരുതരമാകാതെ തടയാനാകും. ഇതിനായി ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പിട്ട നാരങ്ങവെള്ളം, മോരുവെള്ളം എന്നിവ ഒരു പരിധിവരെ നിർജലീകരണം തടയുമെങ്കിലും ലവണങ്ങളുടെ നഷ്ടം ഇത് പൂർണമായും കുറക്കില്ല. അതിന് ഒ.ആർ.എസ് തന്നെ വേണം. ഒ.ആർ.എസ് പൊടിരൂപത്തിൽ പാക്കറ്റായിട്ടാണ് ലഭിക്കുന്നത്.
കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവിലാണ് നല്‍കേണ്ടത്. ഛർദിയുണ്ടെങ്കില്‍ അഞ്ച് മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കാം. ഒരിക്കല്‍ തയാറാക്കിയ ലായനി 24 മണിക്കൂറിന് ശേഷം ഉപയോഗിക്കാന്‍ പാടില്ല.
വയറിളക്കമുള്ളപ്പോള്‍ ഒ.ആര്.എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. രണ്ട് മുതല്‍ ആറ് മാസം വരെയുള്ള കുട്ടികള്‍ക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറുമാസത്തിന് മുകളിലുള്ള കുട്ടികള്‍ക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നല്‍കേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നല്‍കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.