പയ്യന്നൂരിൽ എൻജിനിൽ കുരുങ്ങിയ മൃതദേഹവുമായി ട്രെയിൻ ഓടിയത് അഞ്ച് കിലോമീറ്റർ

പയ്യന്നൂർ: ട്രെയിൻ തട്ടി മരിച്ച വയോധികന്‍റെ മൃതദേഹവും എൻജിനിൽ കുരുങ്ങി ജബൽപൂർ - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ്​ അഞ്ച് കിലോമീറ്റർ ഓടി. തൃക്കരിപ്പൂർ മീലിയാട്ടെ തെക്കെ വീട്ടിൽ കുമാരന്‍റെ (74) മൃതദേഹവുമായാണ് തീവണ്ടി ഓടിയത്.

ഞായറാഴ്ച രാവിലെ 9.25 ഓടെ ജബൽപൂർ - കോയമ്പത്തൂർ സൂപ്പർഫാസ്റ്റിടിച്ചാണ് കുമാരൻ മരിച്ചത്. തൃക്കരിപ്പൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടത്തെ തുടർന്ന് എൻജിന്‍റെ മുമ്പിൽ കുടുങ്ങിയ മൃതദേഹവുമായി വണ്ടി പയ്യന്നൂരിലെത്തിയാണ് നിന്നത്.

ഈ വണ്ടിക്ക് പയ്യന്നൂരിൽ സ്റ്റോപ്പില്ല. മൃതദേഹം കണ്ട ഗേറ്റ്മാൻ വിളിച്ചു പറഞ്ഞതിനെ തുടർന്ന് വണ്ടി പയ്യന്നൂർ സ്റ്റേഷനിൽ രണ്ടാമത്തെ ട്രാക്കിൽ എത്തി നിർത്തിയിടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് കുതിച്ചെത്തി മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു.

പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ വണ്ടി ഒരു മണിക്കൂറിലധികം വൈകി 10.50 ഓടെയാണ് സ്റ്റേഷൻ വിട്ടത്. നേരത്തെ ജബൽപ്പൂർ സൂപ്പർഫാസ്റ്റിന് കടന്നു പോകാൻ ഏറനാട് എക്സ്പ്രസിനെ മൂന്നാം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്നു. എന്നാൽ, ജബൽപൂർ നിർത്തിയിടേണ്ടി വന്നതിനാൽ ഏറനാട് ഉൾപ്പെടെ മൂന്ന് വണ്ടികൾ കടന്നു പോയശേഷമാണ് ജബൽപൂർ കടന്നു പോയത്.

ചെമ്മങ്ങാട്ട് യശോദയാണ് കുമാരന്‍റെ ഭാര്യ. മക്കൾ: സി. വിനോദ്, വിധുബാല, വിദ്യ. മരുമക്കൾ: മിനി (മാവിലകടപ്പുറം), ബാബു (ഓരി), പരേതനായ നളിനാക്ഷൻ. സഹോദരങ്ങൾ: ടി.വി. കുഞ്ഞിരാമൻ (അന്തിത്തിരിയൻ രാമവില്യം കഴകം), ടി.വി. നാരായണൻ (ഹോട്ടൽ മീലിയാട്ട്), കാർത്ത്യായനി, പരേതരായ അമ്പു, ബാലകൃഷ്ണൻ.

Tags:    
News Summary - Train ran for five kilometers with dead body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.