പൂരോത്സവത്തിന് പൂവിടാൻ ശേഖരിക്കുന്ന നരയൻ പൂവ്
പയ്യന്നൂർ: ഇനി പുരോത്സവത്തിൻ്റെ ആരവത്തിലാണ് അത്യുത്തരകേരളം. കാവുകളിലും വീടുകളിലും വടക്കിൻ്റെ വസന്തോത്സവമായ പൂരോത്സവ ലഹരിയിലായിരിക്കും ഇനി ഒമ്പത് നാളുകൾ. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ മാത്രം കൊണ്ടാടുന്ന അതിമനോഹരവും ഏറെ പ്രത്യേകതകൾ നിറഞ്ഞതുമായ ആഘോഷമാണ് പൂരം.
മീനത്തിലെ കാർത്തിക മുതൽ പൂരം നാൾ വരെ ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് പൂരോത്സവം. ബാലികമാർ പൂക്കൾ കൊണ്ട് കാമദേവനെ പൂജിക്കുന്ന ഈ ഉത്സവം കാമദേവാരാധനയുടെ പുരാവൃത്തവുമായി ബന്ധപ്പെട്ടാണ് അനുഷ്ഠിക്കുന്നത്. ചിലയിടങ്ങളിൽ ഒമ്പതു ദിവസങ്ങൾക്കു പകരം ഏഴോ അഞ്ചോ ദിവസങ്ങളിൽ മാത്രം കൊണ്ടാടാറുണ്ട്. പൂരത്തിന്റെ ആദ്യ ദിനങ്ങളിൽ വെറും പൂക്കൾ കൊണ്ടും പിന്നെ കാമദേവന്റെ വിഗ്രഹം ഉണ്ടാക്കിയുമാണ് പൂജ ചെയ്യുന്നത്.
ചെമ്പകപ്പൂവ്, മുരിക്കിൻ പൂവ്, നരയൻ പൂവ്, ഇലഞ്ഞി പൂവ്, കുമുതിൻ പൂവ് തുടങ്ങിയ പൂക്കളാണ് പൂവിടാൻ ഉപയോഗിക്കുന്നത്. വീട്ടിലെ മുതിർന്നവരുടെ സഹായത്തോടെ ബാലികമാരാണ് സാധാരണയായി പൂവിടുന്നതും പൂജ ചെയ്യുന്നതും. ക്ഷേത്രങ്ങളിലും കാവുകളിലും പൂരക്കളിയുടെ ചടുലതാളങ്ങൾ മുറുകുന്നതും പൂരോത്സവത്തിന്‍റെ പ്രത്യേകതയാണ്. ഏറെ പ്രശസ്തമായ ആയോധന കലയാണ് പൂരക്കളി. സ്കൂൾ, കോളജ് കലോത്സവങ്ങളിൽ ഉൾപ്പെടെ ഏറെ ആരാധകരുള്ള കലാരൂപമാണിത്. ക്ഷേത്രങ്ങളിൽ പൂരോത്സവത്തിന്‍റെ അനുഷ്ഠാനമാണിത്. മാസങ്ങൾക്കു മുമ്പുതന്നെ കളി പഠിച്ച വാല്യക്കാർ പൂരോത്സവം തുടങ്ങിയാൽ ക്ഷേത്ര മുറ്റത്ത് സംഘം ചേർന്ന് കളിക്കും.
ഇതിന് പ്രത്യേക പന്തൽ ഒരുക്കുന്നു. പൂരോത്സവ സമാപനത്തോടനുബന്ധിച്ച് വൈജ്ഞാനിക സംവാദമായ മറത്തു കളിയും പതിവാണ്. പണ്ഡിതരായ രണ്ട് പണിക്കൻമാർ രണ്ട് കഴകക്കളെ പ്രതിനിധീകരിച്ച് രണ്ട് ക്ഷേത്രങ്ങളിലുമെത്തി സംവാദത്തിലേർപ്പെടും. ഇത് നിയന്ത്രിക്കാൻ ഒരു അധ്യക്ഷനും പതിവാണ്. രാത്രി വൈകി വരെ നീളുന്ന ഇന ബൗദ്ധിക സംവാദം ആസ്വദിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തുക. ഇതിനിടയിൽ തന്നെ പൂരക്കളിയുമുണ്ടാകും. പെൺകുട്ടികളുടെ ഉത്സവമാണെങ്കിലും ക്ഷേത്രങ്ങളിൽ പൂരക്കളി പുരുഷൻമാരുടെ കുത്തകയാണ്. അടുത്ത കാലത്ത് പൊതുവേദികളിൽ സ്ത്രീകളുടെ പൂരക്കളി ഉണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.