ഉപ്പുമണൽ കുന്നിന് മുകളിൽ; കുടിവെള്ളം മുട്ടി പാലക്കോടുകാർ

പയ്യന്നൂർ: തൊട്ടടുത്ത് കടലാണെങ്കിലും ഏഴിമലയുടെ താഴ് വരയിലെ വീട്ടുകിണറുകളിലെ വെള്ളം പരിശുദ്ധമാണ്. എന്നാൽ, ഈ പളുങ്കുവെള്ളം പഴങ്കഥ. അധികൃതരുടെ അനാസ്ഥയിൽ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ് മഴ തുടങ്ങിയതോടെ.

കടൽ വികസനം കരയുടെ കണ്ണീരായി

പാലക്കോട് വലിയകടപ്പുറം കടലിൽ സർക്കാർ നിർമിച്ച പുലിമുട്ടാണ് പ്രദേശവാസികളുടെ കിണറുകളിലെ പളുങ്ക് പോലെ പരിശുദ്ധമായ കുടിവെള്ളത്തിൽ നഞ്ചുകലക്കിയതെന്ന് നാട്ടുകാർ പറയുന്നു.പുലിമുട്ടിന് കടൽ കുഴിച്ചപ്പോൾ ലഭിച്ച ആയിരക്കണക്കിന് ലോഡ് ഉപ്പുമണൽ സ്റ്റോക്ക് ചെയ്തത് ചിറ്റടി കുന്നിനു് മുകളിൽ ചെങ്കല്ലു കൊത്തിയൊഴിഞ്ഞ അഞ്ചേക്കറോളം വരുന്ന പ്രദേശത്ത്‌.

മഴ തുടങ്ങിയതോടെ മഴവെള്ളത്തിൽ മണലിലെ ഉപ്പ് ഇല്ലാതാവുകയും മഴയൊഴിഞ്ഞ ശേഷം ഇ മണൽ ലേലം വഴി വിറ്റഴിക്കുകയുമായിരുന്നു അധികൃതരുടെ ലക്ഷ്യം. ഇതാണ് നാടിന്റെ കണ്ണീരുപ്പായി മാറിയത്.

അധികൃതർ കണ്ണുതുറക്കുമോ?

അധികൃതർ കനിഞ്ഞാലെ രാമന്തളി ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിൽപെടുന്ന പാലക്കോട് ജുമാമസ്ജിദ് മുതൽ കരമുട്ടം വരെയുള്ള കുന്നിൻ താഴ്‌വരയിലെ അനവധി കുടുംബങ്ങൾക്ക് നല്ല വെള്ളം കുടിക്കാനാവൂ.

മണൽ മുഴുവൻ മാറ്റുകയാണ് പോംവഴി.എന്നാൽ തന്നെ ഈ മഴക്കാലത്ത് വെള്ളം തെളിയുമെന്ന പ്രതീക്ഷയും ഇവർക്കില്ല.

ജനപ്രതിനിധികൾക്കും ആരോഗ്യ വകുപ്പിനും ജില്ല കലക്ടർക്കുമുൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് പൊതുജനം.

മണൽ തഴുകിയ ഉപ്പുവെള്ളം കിണറുകളിലേക്ക്

കഴിഞ്ഞ ഏപ്രിൽ 15 വരെ കിണർ വെള്ളത്തിന് മാറ്റമുണ്ടായില്ലെന്ന് പാലക്കോട്ടെ വീട്ടമ്മമാർ പറയുന്നു. എന്നാൽ, വേനൽമഴപ്പെയ്ത്തിൽ മണൽ തഴുകിയെത്തിയ വെള്ളം വില്ലനാവാൻ തുടങ്ങി. ആദ്യം ചായവെച്ചാൽ അരുചി പ്രകടമായി തുടങ്ങി.

ക്രമേണ മറ്റ് ഭക്ഷണസാധനങ്ങളും കഴിക്കാനാവാതെയായി. വെള്ളം കുടിച്ചു നോക്കിയപ്പോൾ രുചിഭേദം വ്യക്തമായി. മഴ കനത്തതോടെ കുടിവെള്ളം പൂർണമായും മുട്ടി. ഇപ്പോൾ പലരും ജപ്പാൻ വെള്ളവും അതില്ലാത്തവർ കുപ്പിവെള്ളവുമാണ് ആശ്രയിക്കുന്നത്.

വെള്ളത്തിൽ ഉപ്പിന്റെ അംശം കൂടുതൽ

നാട്ടുകാർ കുടിവെള്ളം സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ ഉപ്പിന്റെ അനുവദനീയമായതിലും കൂടുതൽ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. ആരോഗ്യ വകുപ്പും പരിശോധനക്കയച്ചിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞാൽ ഇതിന്റെ ഫലം വരും. ഉപ്പിറങ്ങുന്നത് പ്രദേശത്തെ പാറകളുടെ ഉറപ്പിനെയും ബാധിക്കും. ഇത് പ്രദേശത്തിന്റെ പരിസ്ഥിതിയെ തന്നെ ബാധിക്കുമെന്ന ഭീതിയും നാട്ടുകാർക്കുണ്ട്.


Tags:    
News Summary - Palakkodu people run out of drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.