പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതിക്ഷേത്രത്തിലെ പുരുഷാരം മീനമൃതിനു പുറപ്പെടുന്നു

അനുഷ്ഠാന പൊലിമയിൽ അഷ്ടമച്ചാൽ ക്ഷേത്രത്തിൽ മീനമൃത് സമർപ്പണം

പയ്യന്നൂർ: പരമ്പരാഗത അനുഷ്ഠാന പൊലിമയും ഭക്തിയുടെ നിറവും സമന്വയിച്ച ധന്യതയിൽ പയ്യന്നൂർ തെരു അഷ്ടമച്ചാൽ ക്ഷേത്രത്തിൽ ഒരുമയുടെ മീനമൃതേത്ത്. ക്ഷേത്രത്തിലെ കലശ മഹോത്സവത്തിന്റെ ഭാഗമായാണ് തെരുവിലെ ആബാലവൃദ്ധം കവ്വായി കായലിലിറങ്ങി മത്സ്യം പിടിച്ച് ദേവിക്ക് സമർപ്പിച്ചത്.

അഞ്ചാം കലശദിനമായ ബുധനാഴ്ച വെളുക്കാൻ ഏഴര രാവുള്ളപ്പോൾ ദിഗന്തങ്ങൾ ഭേദിച്ച് മീനമൃതറിയിച്ചുകൊണ്ടുള്ള പെരുമ്പറ മുഴങ്ങി. മാടായി തിരുവർക്കാട്ട് കാവിൽ നിന്നും തെരുവിലെത്തിയ കോലസ്വരൂപത്തിങ്കൽ തായി പരദേവതക്ക് നിവേദ്യത്തിനുള്ള മീനമൃതിന് പുറപ്പെടാനുള്ള അറിയിപ്പാണ് പെരുമ്പറമുഴക്കം. തുടർന്ന് മധ്യാഹ്നമാവുമ്പോഴേക്കും ഒമ്പതു തവണ പെരുമ്പറ മുഴങ്ങിയതോടെ തെരുവിലെ പുരുഷാരം തോർത്തുമുണ്ടുടുത്ത് കെയ്യിൽ ചൂരലുമായി ക്ഷേത്രനടയിലെത്തി.

ക്ഷേത്രത്തിനു മുന്നിലെത്തിയ വിശ്വാസികളെ മഞ്ഞക്കുറിയിട്ട് സ്വീകരിച്ച മൂത്ത ചെട്ട്യാൻ ഭഗവതിയുടെ തിരുമൊഴി ചൊല്ലി കേൾപ്പിച്ചു. തിരുമൊഴിയേറ്റുവാങ്ങിയ പുരുഷാരം ആർപ്പുവിളികളോടെ മൂന്ന്തവണ ക്ഷേത്രം വലം വെച്ചാണ് മീൻ പിടിക്കാൻ കവ്വായി കായൽ ലക്ഷ്യമാക്കി പടിഞ്ഞാറു ഭാഗത്തേക്ക് പോയത്.


കായലിന്റെ കൈവഴികൾ നീന്തിക്കയറിയാണ് മടപ്പള്ളി താഴത്ത് കായലിലെത്തി വലം വെച്ച് മത്സ്യ ബന്ധനം തുടങ്ങിയത്.ഇവിടെ നിന്ന് 21 കോവ മത്സ്യമാണ് വിജയഭേരി മുഴക്കി മഹാനിവേദ്യത്തിനായി ക്ഷേത്രത്തിലെത്തിച്ചത്. ബാക്കി മത്സ്യം പ്രസാദമായി പുഴക്കരയിലെ ഇതര സമുദായക്കാർക്ക് ഉൾപ്പെടെ വിതരണം ചെയ്തു. സന്ധ്യക്ക് ദീപാരാധനാ സമയത്ത് ക്ഷേത്രത്തിലെത്തിയ മീനമൃത് ക്ഷേത്രേശന്മാർ അരിയും കറിയുമിട്ട് സ്വീകരിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ചു. രാത്രിയിൽ ഭഗവതിയുടെ രണ്ട് തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. തിരുമുഖദർശനത്തിനും പാലമൃത്, മീനമൃത് സ്വീകരണത്തിനും ക്ഷേത്രപ്രദക്ഷിണത്തിനും ശേഷം അർധരാത്രിയോടെ അഞ്ചാം കലശത്തിന് സമാപനമായി.

വ്യാഴാഴ്ച രാക്കലശം, രാത്രി വടക്കെ വാതിൽ തുറന്നുള്ള ദേവീദർശനം, തെയ്യക്കോലങ്ങളുടെ പുറപ്പാട് ഇവ നടക്കും. വെള്ളിയാഴ്ച ഊർബലി, വീരഭദ്രന്റെ പുറപ്പാട്, ഇവയോടെ എഴു രാപ്പകലുകൾ നീളുന്ന കലശമഹോത്സവത്തിന് കൊടിയിറങ്ങും.

Tags:    
News Summary - Meenamruth at Ashtamachal temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.