ചരിത്രം ആവർത്തിക്കാൻ എൽ.ഡി.എഫ്; പൊരുതാൻ യു.ഡി.എഫ്

പയ്യന്നൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂർ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ണാണ്. അതുകൊണ്ടുതന്നെ പഞ്ചായത്തുകാലം മുതൽ നഗരഭരണം ഇടതുമുന്നണിക്ക് സ്വന്തം. ദേശീയ സ്വാതന്ത്ര്യ സമരത്തിൽ രണ്ടാം ബർദോളി എന്ന വിളിപ്പേരുമുണ്ട് ചരിത്രനഗരത്തിന്. വിദേശ വസ്ത്ര ബഹിഷ്‌കരണവും ഖാദി പ്രചാരണവും ഏറെ സ്വാധീനിച്ചപ്പോഴും കമ്യൂണിസ്‌റ്റ്-കർഷക പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടവും ലഭിച്ചു. ഇപ്പോഴും കോട്ടക്ക് വിള്ളലില്ല എന്നതാണ് യാഥാർഥ്യം.

നിലവിലെ ഭരണ സമിതിയിൽ 44 വാർഡുകളിൽ എൽ.ഡി.എഫ് 35 വാർഡുകൾ നേടിയപ്പോൾ യു.ഡിഎഫിന് എട്ടെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒരു വാർഡ് സ്വതന്ത്രനാണ്. ഇക്കുറി 44 വാർഡുകൾ 46 ആയി വർധിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിലും ഇടതു പക്ഷത്തിന് കടുത്ത വെല്ലുവിളി ഉയർത്താൻ യു.ഡി.എഫിന് സാധിക്കുമെന്ന് കരുതാനാവില്ല. എൽ.ഡി.എഫ് സീറ്റ് വിഭജനം കഴിഞ്ഞ് നേരത്തെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി ഗൃഹസന്ദർശനം തുടങ്ങിയ ശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി മത്സര രംഗത്തെത്തിയത്.

അതേസമയം, മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വൈശാഖ് കാരയിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ നോമിനേഷൻ സമർപ്പിച്ച് പ്രവർത്തന രംഗത്തെത്തിയത് എൽ.ഡി.എഫിന് കണ്ണിലെ കരടായി മാറി. സി.പി.എം സ്ഥാനാർഥിയായ വി.കെ. നിഷാദിനെ തളിപ്പറമ്പ് കോടതി ശിക്ഷിച്ചതും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയായി. എൽ.ഡി.എഫിൽ സി.പി.എം-39, സി.പി.ഐ-രണ്ട്, ഐ.എൻ.എൽ, ജെ.ഡി.എസ്, കോൺഗ്രസ്-എസ് എന്നിവർ ഒന്നു വീതം വാർഡുകളിലും രണ്ടിടത്ത് സ്വതന്ത്രരും ഇത്തവണ മത്സരിക്കുന്നു. യു.ഡി.എഫിൽ കോൺഗ്രസ്-39 വാർഡുകളിലും ലീഗ് ആറിലും സ്വതന്ത്രൻ ഒരു വാർഡിലും മത്സരിക്കുന്നു. അടിത്തറ ഭദ്രമല്ലെങ്കിലും ബി.ജെ.പി-27 വാർഡുകളിൽ മത്സരിക്കുന്നുണ്ട്.

Tags:    
News Summary - LDF to repeat history, UDF to fight in Payyannur City Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.