വിജീഷും സുനീഷയും

യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

പയ്യന്നൂർ: കോറോം സെൻട്രലിലെ കൊളങ്ങരത്ത് വളപ്പിൽ സുനീഷ (26) ഭർതൃവീട്ടിലെ കുളിമുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് വെള്ളൂർ ചേനോത്തെ വിജീഷിനെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രാത്രി 9.15നാണ് കേസന്വേഷിക്കുന്ന പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ. നായർ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സുനീഷയെ വിജീഷിന്‍റെ വീട്ടിലെ കുളിമുറിയുടെ വെൻറിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു പിന്നിൽ ഭർത്താവിൻറെയും ബന്ധുക്കളുടെയും പീഡനമാണെന്ന് സുനീഷയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്നുളള അന്വേഷണത്തിലാണ് പൊലീസ് വിജീഷിനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തത്.

സുനീഷ മരിക്കുന്നതിന് മുമ്പ് ഭർത്താവിന് വീഡിയോ കോൾ ചെയ്തിരുന്നു. ഇത് പൊലീസ് വിശദമായ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഫോൺ സംഭാഷണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കേസന്വേഷണത്തിന് ചുമതല വഹിക്കുന്ന പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. ഒന്നര വർഷം മുമ്പാണ്

സുനീഷയുടെ വിവാഹം നടന്നത്. പ്രേമ വിവാഹമായിരുന്നു. വിവാഹ ശേഷം വിജീഷിന്‍റെ വീട്ടിലാണ് സുനീഷ കഴിഞ്ഞു വരുന്നത്.

മകളെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി കാണിച്ച് സുനിഷയുടെ മാതാവ് കഴിഞ്ഞ മാസം അഞ്ചിന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരെ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർത്ത് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാൽ ഭർതൃവീട്ടിൽ വീണ്ടും ശാരീരിക പീഡനവും മറ്റും തുടരുകയായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് സുനീഷയുടെ വീട്ടുകാരുടെ പരാതി. അതിനിടെ സുനീഷയുടെ മരണത്തിന് ഉത്തരവാദികൾ അവരുടെ വീട്ടുകാരാണെന്ന് കാണിച്ച് വിജീഷും പരാതി നൽകിയിരുന്നു. വിജീഷ് പാൽ സൊസൈറ്റി ജീവനക്കാരനാണ്. കെ.വി. സുകുമാരൻ്റെയും കെ. വനജയുടെയും മകളാണ് സുനീഷ.

കേസിൽ വേറെ പ്രതികളുണ്ടോ എന്ന കാര്യം കൂടുതൽ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാവൂ എന്ന് പൊലീസ് പറഞ്ഞു. വിജീഷിൻ്റെ വീട്ടുകാർ ക്വാറൻറീനിലായതിനാൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ കൂടി മൊഴി രേഖപ്പെടുത്തിയതിനു ശേഷമെ കേസന്വേഷണം പൂർത്തിയാക്കാനാവൂ. അറസ്റ്റിലായ വിജീഷിനെ വെള്ളിയാഴ്ച പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Husband arrested for wife's suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.