പയ്യന്നൂർ: പയ്യന്നൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം. പരേതനായ മാക്സ് മെഷീൻ, ടൂൾസ് ഉടമയായിരുന്ന എൻ.വി. മോഹനന്റെയും ഇ.വി. ഗീതയുടെയും പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടിലാണ് മോഷണം നടന്നത്. മുന്നിലെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളൻ നാലു പവനും 32,000 രൂപയും കവർന്നു.
ഗീത ബംഗളൂരുവിൽ താമസിക്കുന്ന മകളുടെ വീട്ടിൽ പോയിരുന്നതിനാൽ വീട് പത്തു ദിവസത്തോളമായി പൂട്ടിക്കിടക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറോടെ കാസർകോട് ജോലി ചെയ്യുന്ന മകൻ ഗോകുൽ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിലും കിടപ്പു മുറികളിലെ രണ്ട് അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വീടിന്റെ പിൻഭാഗത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നു.
കവർച്ചക്കുശേഷം റോഡിലേക്കുള്ള മുൻവാതിലിലൂടെ ഇറങ്ങാതെ മോഷ്ടാവ് ഇതുവഴി രക്ഷപ്പെട്ടതായിരിക്കാമെന്നാണ് അനുമാനം.
അലമാരയിലുണ്ടായിരുന്ന നാലു പവനും 32,000 രൂപയും ഉൾപ്പെടെ 3,12,000 രൂപയുടെ മുതൽ നഷ്ടപ്പെട്ടതായി വീട്ടുകാർ പരാതിയിൽ പറയുന്നു. ഗീതയും തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പയ്യന്നൂരിൽ നിരവധി വീടുകളിലാണ് ഏതാനും മാസങ്ങളായി മോഷണം നടന്നത്. ഭൂരിഭാഗവും പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.