കണ്ണൂർ: ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിനായി 'ഓപ്പറേഷൻ രക്ഷിത' പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃതമായ പ്രവർത്തനങ്ങൾ, മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരിക്കടത്ത്, സ്ത്രീ യാത്രികരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാനാണ് പദ്ധതി. റെയിൽവേ പൊലീസിന്റെയും ലോക്കൽ പൊലീസിന്റെയും സഹകരണത്തിൽ റെയിൽവേ എസ്.പിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് റെയിൽവേ ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ വനിത പൊലീസ് ഉൾപ്പടെയുള്ള സേനാംഗങ്ങളെ ഉൾപ്പെടുത്തി സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിങ് നടത്തും. സ്ത്രീകൾ കൂടുതലായുള്ള കമ്പാർട്ട്മെന്റുകളിൽ പരിശോധന ശക്തമാക്കും. മദ്യ ലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആൽകോമീറ്റർ പരിശോധന 38 റെയിൽവേ സ്റ്റേഷനുകളിൽ തുടങ്ങി.
ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവരെയും റെയിൽവേ ട്രാക്കിൽ കല്ലും മറ്റു വസ്തുക്കളും വെച്ച് അപകടമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താൻ ആർ.പി.എഫും റെയിൽവേ പൊലീസും പട്രോളിങ് വർധിപ്പിച്ചു. അതത് പ്രദേശത്തെ പൊലീസും പരിശോധന നടത്തും. രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മയക്കുമരുന്നുകളും നിരോധിത പുകയില ഉൽപന്നങ്ങളും ഹവാല പണവും കണ്ടെത്തുന്നതിനായി ബോംബ് സ്‌ക്വാഡിനേയും നർക്കോട്ടിക് വിഭാഗത്തേയും ഉപയോഗിച്ചുള്ള നിരീക്ഷണവും ശക്തമാക്കി.
സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെട്ട ബാഗുകൾ, സംശയാസ്പദമായ വസ്തുക്കൾ എന്നിവ കണ്ടെത്തിയാൽ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി. റെയിൽവേ കേസുകളിൽ ഉൾപ്പെട്ട ശേഷം അറസ്റ്റിൽനിന്ന് ഒഴിവായി നടക്കുന്നവരേയും വിവിധ കോടതികൾ വാറണ്ട് പുറപ്പെടുവിച്ചവരെയും കണ്ടെത്താനായുള്ള ഊർജിത ശ്രമവും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെയും യാത്രാ ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും യാത്ര ചെയ്യുന്നവരെയും അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കും. റെയിൽവേ യാത്രക്കാർക്ക് സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളേയോ കണ്ടാൽ അടുത്തുള്ള പൊലീസിനെ അറിയിക്കാം. ഫോൺ: 9846200100, 112.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.