വനിത കമീഷൻ അദാലത്തിൽ അംഗം അഡ്വ. പി. കുഞ്ഞായിഷ പരാതി കേൾക്കുന്നു
കണ്ണൂർ: സ്ത്രീകളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യാനുള്ള വേദി നവമാധ്യമങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും വനിത കമീഷൻ അംഗം പി. കുഞ്ഞായിഷ. നവമാധ്യമങ്ങളിൽ കൂടെയുള്ള ആശയവിനിമയം പലപ്പോഴും കുടുംബ ബന്ധങ്ങളിൽ വില്ലനായി തീരുന്നു. ദാമ്പത്യ ജീവിതത്തിലുള്ള പുരുഷന്മാരും സ്ത്രീകളും നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിനു ശേഷം പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്ന പ്രവണത കൂടി വരുന്നതായി കമീഷൻ പറഞ്ഞു.
ജില്ല പഞ്ചായത്ത് മിനി ഹാളിൽ വനിത കമീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ഇത്തരം സാഹചര്യങ്ങൾ പ്രശ്നങ്ങളെ രൂക്ഷമാക്കുന്നതായും കമീഷൻ വിലയിരുത്തി. അദാലത്തിൽ പരിഗണിച്ച 70 പരാതികളിൽ 15 എണ്ണം തീർപ്പാക്കി. ആറ് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിങ്ങിനായി അയച്ചു. മൂന്ന് പരാതികൾ ജാഗ്രതസമിതിയുടെ റിപ്പോർട്ടിങ്ങിനായും മറ്റ് മൂന്നെണ്ണം ജില്ല നിയമസഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനായും അയച്ചു. 43 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. പുതിയ ഒരുപരാതി ലഭിച്ചു.
അഭിഭാഷകരായ കെ.പി. ഷിമ്മി, ചിത്ര ശശീന്ദ്രൻ, കൗൺസിലർ അശ്വതി രമേശൻ, എ.എസ്.ഐമാരായ വി. ബിന്ദു, മിനി ഉമേഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.