ന്യൂ മാഹി ഇരട്ടക്കൊല: വിധി നാളെ

തലശ്ശേരി: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ ന്യൂമാഹിയിൽ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ബുധനാഴ്ച വിധി പറയും. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെടെ 16 സി.പി.എം പ്രവർത്തകരാണ് കേസിലെ പ്രതികൾ. കേസിന്റെ വിചാരണക്ക് ജയിലിൽ നിന്നെത്തിയ സുനി ഹോട്ടലിലെ പാർക്കിങ് സ്ഥലത്ത് സഹതടവുകാരൊടൊപ്പം മദ്യപിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നത് വിവാദമായിരുന്നു.

അതിനുശേഷം കേസിൽ ഓൺലൈനായാണ് സുനി ഹാജരായത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സുനിയെ പിന്നീട് തവന്നൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജനുവരി 22നാണ് ഇരട്ടകൊലക്കേസ് വിചാരണ തുടങ്ങിയത്. കൊല്ലപ്പെട്ട ഷിനോജിന്റെ പൊലീസ് സ്‌റ്റേഷനിലുള്ള ബൈക്ക് വിചാരണ തുടങ്ങിയ ദിവസം കോടതിയിൽ ഹാജരാക്കി. വിചാരണ തുടങ്ങുമ്പോൾ കൊടി സുനി പരോളിലായിരുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് പരോൾ അനുവദിച്ചത്. കോടതി അനുമതിയോടെയാണ് സുനി വിചാരണക്ക് ഹാജരായത്. നാലാംപ്രതി മുഹമ്മദ് ഷാഫി, 13ാംപ്രതി ഷിനോജ് എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് വിചാരണക്ക് എത്തിയത്.

ജൂലൈയിൽ സാക്ഷി വിസ്താരം പൂർത്തിയായി. മാഹി കോടതി ശിരസ്താർ ഉൾപ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രതിഭാഗം രണ്ടുസാക്ഷികളെ വിസ്തരിച്ചു. കേസിന്റെ വാദപ്രതിവാദം 14 ദിവസം നീണ്ടു. ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. വിജിത്തിന്റെ അമ്മ രാജമ്മ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. 2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിയിൽ വെച്ചാണ് കൊലപാതകം. മാഹി കോടതിയിൽ ഹാജരായി തിരിച്ചു വരുമ്പോൾ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

പള്ളൂർ കോയ്യോട് തെരുവിലെ ടി. സുജിത്ത് (36), മീത്തലെച്ചാലിൽ എൻ.കെ. സുനിൽകുമാർ (കൊടി സുനി 40), നാലുതറയിലെ ടി.കെ. സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി.പി. ഷമിൽ (37), കവിയൂരിലെ എ.കെ. ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ. അബ്ബാസ് (35), ചെമ്പ്രയിലെ രാഹുൽ (33), നാലുതറ കുന്നുമ്മൽ വീട്ടിൽ വിനീഷ് (44), നാലുതറ പടിഞ്ഞാറെ പാലുള്ളതിൽ പി.വി. വിജിത്ത് (40), പള്ളൂർ കിണറ്റിങ്കൽ കെ. ഷിനോജ് (36), ന്യൂമാഹി അഴീക്കൽ മീത്തലെ ഫൈസൽ (42), ഒളവിലം കാട്ടിൽ പുതിയ വീട്ടിൽ സരീഷ് (40), ചൊക്ലി തവക്കൽ മൻസിൽ ടി.പി. സജീർ(38) എന്നിവരാണ് പ്രതികൾ. 10ാം പ്രതി സി.കെ. രജികാന്ത്, 12ാം പ്രതി മുഹമ്മദ് രജീസ് എന്നിവർ സംഭവശേഷം മരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേമരാജൻ പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി.കെ. ശ്രീധരൻ, അഡ്വ.കെ. വിശ്വൻ എന്നിവരാണ് കേസിൽ ഹാജരായത്.

Tags:    
News Summary - New Mahe double murder: Verdict tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.