തളിപ്പറമ്പ് കൂവോട്ടെ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയേയും മക്കളേയും ടി.കെ. ഗോവിന്ദൻ എം.എൽ.എയും ജില്ലാ കലക്ടറും സന്ദർശിക്കുന്നു 

കാൻസർ ബാധിതയായ അമ്മക്കും മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്കും കൈത്താങ്ങ് ഒരുങ്ങി

തളിപ്പറമ്പ്: കൂവോട്ടെ മാനസിക വെല്ലുവിളി നേരിടുന്ന അമ്മക്കും മക്കൾക്കും കൈത്താങ്ങ് ഒരുങ്ങി. ഇവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലാ കലക്ടറും തളിപ്പറമ്പ് എം.എൽ.എ ഉൾപ്പെടെയുള്ളവരും എത്തിയാണ് ഇവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയത്.

കൂവോട്ടെ പഞ്ചളായിൽ കാൻസർ ബാധിതയായ ഉഷയും മാനസിക വെല്ലുവിളി നേരിടുന്ന മക്കളായ വിനീഷും വിശാഖും ദുരിത ജീവിതമാണ് അനുഭവിക്കുന്നത്. തലചായ്ക്കാൻ വീടുണ്ടെങ്കിലും വരുമാന മാർഗങ്ങളൊന്നുമില്ല. ഭക്ഷണം കഴിക്കാൻ മാർഗങ്ങളൊന്നുമില്ല. സ്വന്തം വീടിന്‍റെ ജനലുകളും വാതിലുകളും വയറിങ് സാമഗ്രികളും വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്തേണ്ട ഗതികേടിലാണ് ഇവർ. നിലവിൽ ശുചിമുറിക്ക് പോലും വാതിലോ ജനലോ ഇല്ലാത്ത അവസ്ഥയാണ്. അടുക്കളയിലും വീടിനകത്തും പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ട അവസ്ഥയിലാണ്. വീടിന് ചുറ്റും കാട് മൂടിക്കിടക്കുകയാണ്.

വീടിന്റെ ശോചനീയാവസ്ഥയും കുടുംബത്തിന്റെ ദുരിതജീവിതവും പുറത്തുവന്നതോടെ അധികൃതർ ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയും വിഷയത്തിൽ ഇടപെട്ടു. ഇതിനു പിന്നാലെയാണ് ജില്ലാ കലക്ടർ പി. വിഷ്ണു രാജ്, ടി.കെ. ഗോവിന്ദൻ എം.എൽ.എ, നഗരസഭ ചെയർ പേഴ്സൺ പി.കെ. സുബൈർ ഉൾപ്പെടെയുള്ളവരും പൊലീസും സ്ഥലത്തെത്തിയത്. വീട്ടിൽ നിന്നും മാറ്റി പാർപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഇവർ വിസമ്മതിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പരിയാരം ഗവ മെഡിക്കൽ കൊളജിലേക്ക് മാറ്റാനായത്.

ഇവരുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. കുടുംബത്തിന് സഹായഹസ്തവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ടെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എയും പറഞ്ഞു. കുടുംബത്തിന്റെ ചികിത്സ, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ നഗരസഭ ഇടപെട്ട് ആവശ്യമായ പരിഹാരം കാണുമെന്ന് നഗരസഭ ചെയർപേഴ്‌സൺ പി.കെ. സുബൈറും പറഞ്ഞു. അതേസമയം, കുടുംബത്തിന് മുൻപും നാട്ടുകാർ ചേർന്ന് സഹായങ്ങൾ നൽകിയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും കുടുംബം വിസമ്മതിച്ചതിനാലാണ് കഴിയാതിരുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കി.

Tags:    
News Summary - mother with cancer and her children facing mental challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.