കുട്ടിയുടെ കസ്റ്റഡി തർക്കം; പിതാവിനെതിരായ പോക്‌സോ ഹരജി തള്ളി

തലശ്ശേരി: കുട്ടിയുടെ കസ്റ്റഡി കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിൽ പിതാവിനെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ തുടർനടപടികൾ ആവശ്യപ്പെട്ട് നൽകിയ ഹരജി തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളി. കുട്ടിയുടെ മുത്തശ്ശി ചാലോട് എടയന്നൂർ സ്വദേശിനി നൽകിയ ഹരജിയാണ് ജഡ്ജി സി.ജെ. ഡെന്നി തള്ളിയത്.

2022 ഒക്ടോബർ 29, നവംബർ 26 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. നവംബർ 26ന് ഉച്ചക്ക് 12.15 ഓടെ തലശ്ശേരി കുടുംബകോടതി പരിസരത്ത് കുട്ടിയെ പിതാവിന് കൈമാറുന്നതിനിടെ തർക്കമുണ്ടായെന്നും കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. കുട്ടിയുടെ മുത്തശ്ശിയായ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

സംഭവത്തിൽ തലശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി അന്തിമ റഫർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. 22 സാക്ഷികളെ ചോദ്യം ചെയ്ത അന്വേഷണത്തിൽ പ്രതി കുറ്റകൃത്യങ്ങളൊന്നും ചെയ്തതായി കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് കോടതി റിപ്പോർട്ട് അംഗീകരിച്ചു. എന്നാൽ, ഒന്നര വർഷത്തിനുശേഷം പഴയ ആരോപണങ്ങൾ വീണ്ടും ഉന്നയിച്ച് പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ പരാതിക്കാരിയെയും മറ്റ് മൂന്ന് സാക്ഷികളെയും ഉൾപ്പെടെ നാലുപേരെ കോടതി വിസ്തരിച്ചു. മെഡിക്കോ ലീഗൽ പരിശോധന റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും പരിശോധിച്ചു.

നേരത്തെയുള്ള അന്വേഷണത്തിൽ ലഭ്യമായ വസ്തുതകൾക്കപ്പുറം പുതിയ തെളിവുകളോ അസാധാരണ സാഹചര്യങ്ങളോ ഹരജിക്കാരി ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ പ്രധാനപ്പെട്ട തെളിവുകൾ അവഗണിച്ചതായോ അന്വേഷണം പക്ഷപാതപരമായോ നിയമവിരുദ്ധമായോ നടത്തിയതായോ വ്യക്തമാക്കുന്ന അടിസ്ഥാനങ്ങളും ഹരജിയിൽ ഇല്ലെന്ന് കോടതി വിലയിരുത്തി. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കാൻ മതിയായ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയാണ് തള്ളിയത്. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ പി.ആർ. വിഭുവും ടി.പി. ഭീഷ്മയും ഹാജരായി.

Tags:    
News Summary - Child custody dispute POCSO petition dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.