കെ.സുധാകരൻ എം.പി.ക്ക് നിവേദനം നൽകുന്നു
പെരിങ്ങാടി റെയിൽവേ മേൽപ്പാലം: കെ.സുധാകരൻ എം.പിക്ക് നിവേദനം നൽകി
ന്യൂമാഹി: രൂക്ഷമായ ഗതാഗത ക്കുരുക്ക് നേരിടുന്ന പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിലെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എം.പിക്ക് കർമ്മസമിതി ഭാരവാഹികൾ നിവേദനം നൽകി. പതിറ്റാണ്ടുകളായി ന്യൂമാഹി - ചൊക്ലി പൊതുമരാമത്ത് റോഡിലെ പെരിങ്ങാടി റെയിൽവെ ഗേറ്റിലെ യാത്രാക്ലേശം രൂക്ഷമായി തുടരുകയാണ്. തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായതോടെ ഈ മേഖലയിൽ വാഹനഗതാഗതം വലിയ തോതിൽ വർധിച്ചു.
ഇതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. മാഹി റെയിൽവെ സ്റ്റേഷന് വളരെ അടുത്ത് കിടക്കുന്ന ഈ ഗെയിറ്റിൽ മൂന്നും നാലും തീവണ്ടികൾ കടന്നു പോകുന്നത് വരെ ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ അര മണിക്കൂറിലേറെ സമയമാണ് ഗതാഗത തടസമുണ്ടാവുന്നത്. ഇതിന് പരിഹാരം തേടിയാണ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതി സർവകക്ഷി കർമ്മസമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്.
ഇതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിന്നുള്ള എം.പിമാരെ സന്ദർശിച്ച് വിവരം ധരിപ്പിച്ച് നിവേദനം നൽകുന്നതിന്റെ ഭാഗമായാണ് കെ.സുധാകരൻ എം.പിയെ സന്ദർശിച്ച് നിവേദനം നൽകിയത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, ജനകീയ കമ്മിറ്റി ജനറൽ കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി.എച്ച്. അസ്ലം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എ.ഷർമ്മിരാജ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ.സുനിത, എ.സി.രേഷ്മ, വി.കെ.അനീഷ് ബാബു, സാജിത്ത് പെരിങ്ങാടി, ഷാനു പുന്നോൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.