കണ്ണൂർ കോർപറേഷൻ ഓഫിസിലെ സൈറൺ
കണ്ണൂർ: കോർപറേഷൻ ഓഫിസിലെ സൈറൺ പിൻവലിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന കലക്ടർ അരുൺ കെ. വിജയന്റെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി കോർപറേഷൻ കൗൺസിൽ. സൈറൺ മുഴക്കം അനുവദനീയമായ പരിധിയിലും കൂടുതലാണെന്നും നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നുമായിരുന്നു കലക്ടർ ഉത്തരവിട്ടത്.
ശബ്ദമലിനീകരണമുണ്ടാക്കാത്ത ബദൽ സംവിധാനം രണ്ടാഴ്ചക്കകം ഏർപ്പെടുത്തിയില്ലെങ്കിൽ സൈറൺ കണ്ടുകെട്ടുമെന്നും ഉത്തരവിലുണ്ട്. ഇതോടെയാണ് അടിയന്തര കൗൺസിൽ വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്തത്. കലക്ടറുടേത് അധികാര ദുർവിനിയോഗമാണെന്നും സൈറൺ മുഴങ്ങുന്നത് തുടരുമെന്നും മേയർ മുസ് ലിഹ് മഠത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ബ്യൂറോക്രസിയുടെ കടന്നുകയറ്റമാണ് കലക്ടറുടെ നടപടി. നഗരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി കലക്ടറേറ്റിൽ ലഭിച്ചാൽ അത് കോർപറേഷൻ സെക്രട്ടറിക്ക് കൈമാറുകയാണ് പതിവ്.
അത് ഈ വിഷയത്തിലുണ്ടായില്ല. സൈറണുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ കോർപറേഷന് കൈമറാണമെന്നും മേയറുടെ ചേംബറിൽ ചർച്ച ചെയ്യുമെന്നും മേയർ വ്യക്തമാക്കി. സൈറൺ തുടരണമെന്നാവശ്യപ്പെട്ട് സമീപ പ്രദേശത്തെ 200ഓളം പേർ ഒപ്പുശേഖരണം നടത്തി ഹരജി നൽകിയിട്ടുണ്ടെന്നും മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. കലക്ടറുടെ നിലപാട് ധിക്കാരമാണെന്നും സ്വതന്ത്ര ഭരണഘടന സ്ഥാപനമായ കോർപറേഷനു മേലുള്ള കടന്നുകയറ്റമാണെന്ന് ഇതെന്നും പ്രതിപക്ഷ അംഗം ടി. രവീന്ദ്രൻ പറഞ്ഞു.
ശബ്ദമലിനീകരണം കൂടുതലാണെങ്കിൽ അതിന് മറുപടി പറയേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡാണെന്ന് ഡെപ്യൂട്ടി മേയർ പി. ഇന്ദിര പറഞ്ഞു. കലക്ടർക്ക് ഇത്തരത്തിൽ നോട്ടീസ് അയക്കാൻ അധികാരമില്ലെന്നും അത് തുടർന്നുപോവുമെന്നും ഡെപ്യൂട്ടി മേയറും വ്യക്തമാക്കി. സ്ഥിരംസമിതി അധ്യക്ഷരായ സിയാദ് തങ്ങൾ, പി. ശമീമ, എം.പി. രാജേഷ്, കൗൺസിലർമാരായ കെ.എം. സാബിറ, മുൻ ഡെപ്യൂട്ടി മേയർ കെ. ഷബീന, പ്രതിപക്ഷ കൗൺസിലർമാരായ എൻ. ഉഷ, എസ്. ഷാഹിദ എന്നിവരും സംസാരിച്ചു.
രാവിലെ ആറിനും ഉച്ചക്ക് ഒന്നിനും വൈകീട്ട് ആറിനുമാണ് കോർപറേഷൻ ഓഫിസിൽനിന്നുള്ള സൈറൺ മുഴങ്ങുന്നത്. മുൻകാലങ്ങളിൽ സമയമറിയിക്കാനും പ്രത്യേക വിശേഷങ്ങൾക്കും ദുരന്ത മുന്നറിയിപ്പിനുമായി മുഴക്കിയിരുന്ന സൈറൺ പിന്നീട് കോർപറേഷന്റെ പ്രൗഢിയുടെ ഭാഗമായി. അടുത്തകാലത്ത് സൈറണിന്റെ ശബ്ദവും ദൈർഘ്യവും കുറച്ചിരുന്നു.
എന്താണ് കലക്ടറുടെ ഉത്തരവ്
അനുവദനീയമായ ഡെസിബൽ പരിധിയിലും വളരെ കൂടുതലായതിനാൽ പരിസരവാസികൾക്കും കുട്ടികൾക്കും പ്രായമായവർക്കും ബുദ്ധിമുട്ടാകുന്നുവെന്ന പരാതിയിലാണ് പൊതുജനാരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയായേക്കാവുന്ന സാഹചര്യത്തെ ദുരന്തമായി കണക്കിലെടുത്ത് ജില്ല കലക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ അരുൺ കെ. വിജയൻ നടപടിയെടുത്തത്.
ശബ്ദ തീവ്രത അനുവദനീയമായ പരിധിയിലേക്ക് കൊണ്ടുവരുകയോ ശബ്ദമലിനീകരണം സൃഷ്ടിക്കാത്ത ബദൽ സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. രണ്ടാഴ്ചക്കകം കോർപറേഷൻ സെക്രട്ടറി നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു. ഇതാണ് വിവാദത്തിലേക്ക് വഴിവെച്ചത്.
ഡി.ഐ.ജി ക്യാമ്പിൽനിന്ന് പരാതി; കണ്ണുംപൂട്ടി ഉത്തരവ് ഇറക്കാൻ കലക്ടറും
കണ്ണൂർ: അതിരാവിലെ മുഴങ്ങുന്ന സൈറൺ തന്റെ ക്യാമ്പ് ഓഫിസിലെ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ പരാതി. ക്യാമ്പ് ജീവനക്കാർക്കു പുറമെ പരിസരവാസികൾക്കും സൈറൺ പ്രയാസമുണ്ടാക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈറൺ നിർത്താൻ കലക്ടറുടെ ഉത്തരവിറങ്ങിയത്. മുമ്പും ഇത്തരത്തിൽ പരാതി നൽകിയിരുന്നു.
കോർപറേഷൻ ഓഫിസിനോടു ചേർന്നാണ് ഡി.ഐ.ജി, സിറ്റി പൊലീസ് കമീഷണർ, കലക്ടർ എന്നിവരുടെ ക്യാമ്പ് ഓഫിസുകൾ സ്ഥിതി ചെയ്യുന്നത്. നേരത്തേ നൽകിയ കൗൺസിൽ ഐക്യകണ്ഠേന തള്ളിയിരുന്നു. സൈറൺ മുഴക്കം പരിസരവാസികൾക്ക് പ്രയാസമുണ്ടാക്കുന്നുവെന്നു പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമീഷണർ കലക്ടർക്ക് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് നിലവിലെ നടപടി.
എന്നാൽ, കലക്ടർ-ഡി.ഐ.ജിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് കലക്ടറുടെ ഉത്തരവെന്ന് മുൻ മേയർ ടി.ഒ. മോഹനൻ പറഞ്ഞു. ജനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ യാതൊരു നടപടിയും സ്വീകരിക്കാൻ കലക്ടർക്ക് കഴിയുന്നില്ല. കലക്ടർക്കും ഡി.ഐ.ജിക്കും ഇത് ജനാധിപത്യ ഭരണമാണെന്ന് ഓർമയില്ലെന്ന് കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് പറഞ്ഞു.
ബോധമില്ലാതെ യാന്ത്രികമായാണ് കലക്ടർ ജോലി ചെയ്യുന്നതെന്ന് സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. രൂക്ഷമായ തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടുന്ന ജനത്തിന് പരിഹാരം കാണാൻ കലക്ടർക്ക് കഴിയുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ കുറയുന്നതാണ് കലക്ടറുടെ നടപടിയെന്നും ഏത് ഉന്നത ഉദ്യോഗസ്ഥനായാലും ഭീഷണി സ്വരത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ കൗൺസിൽ ടി. രവീന്ദ്രൻ പറഞ്ഞു.
ദേശീയപാതയിലെ അശാസ്ത്രീയവുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രദേശത്തെ വീടുകൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാനാകാത്ത കലക്ടറാണ് പുതിയ ഉത്തരവുമായി വന്നതെന്ന് സ്ഥിരംസമിതി അധ്യക്ഷ ഷാഹിന മൊയ്തീനും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.