കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമീഷൻ
അദാലത്തിൽ അധ്യക്ഷ അഡ്വ. പി. സതീദേവി സംസാരിക്കുന്നു
കണ്ണൂർ: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹപൂര്‍വ കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കണമെന്ന് സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയതായി വനിത കമീഷന് അധ്യക്ഷ പി. സതീദേവി. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
പുതുതായി വിവാഹം കഴിക്കുന്ന ചിലർക്കിടയിൽ വേഗത്തിൽ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഇത്തരം നിരവധി പരാതികളാണ് കമീഷന്റെ മുന്നിലെത്തുന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് സമ്മാനമായി നല്കുന്ന സ്വര്‍ണത്തിന് രേഖകള്‍ ഉണ്ടായിരിക്കുന്നത് പിന്നീട് പ്രശ്നങ്ങള്‍ വരുമ്പോള്‍ സഹായകമാകും. തെളിവ് ഹാജരാക്കാന്‍ കഴിയാത്തതുമൂലം പല കേസുകളും നീണ്ടുപോകുന്നു.
വിവാഹസമയത്ത് പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകണമെന്നും സതീദേവി പറഞ്ഞു. അദാലത്തിലെത്തിയ 59 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. ഏഴ് കേസുകള്‍ പൊലീസിന് കൈമാറി.
40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമീഷന്റെ പരിധിയില്‍ വരാത്ത പരാതികള്‍ക്ക് നിയമസഹായം ലഭ്യമാക്കാനും തീരുമാനിച്ചു. വനിത കമീഷന് അംഗം പി. കുഞ്ഞായിഷ, അഭിഭാഷക പാനലിലെ അഡ്വ. ഷിമി, അഡ്വ. പത്മജ, കൗണ്‍സിലര്‍ മാനസ ബാബു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.