തളിപ്പറമ്പിലും തിരുത്തൽ; സുകന്യ സംസ്ഥാന സമിതിയിൽ
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും കോഴിക്കോട്ട് നടന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിൽ തിരുത്തി. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റംഗമായ എൻ. സുകന്യയെ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കിയതിൽ ‘തളിപ്പറമ്പ് ഫാക്ടർ’ ഉണ്ടെന്നാണ് വിലയിരുത്തൽ.
തളിപ്പറമ്പിൽ സജീവമായി പരിഗണിച്ച സുകന്യയെ തഴഞ്ഞാണ് പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വിമർശനം. സി.പി.എം ജില്ല കമ്മിറ്റിയംഗമായ പി.കെ. ശ്യാമളയേക്കാൾ സീനിയർ കൂടിയായ സുകന്യയെ തഴഞ്ഞ് എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയതാണ് പരാജയ കാരണമെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ ഉൾപ്പടെയുള്ളവർ ആരോപിച്ചിരുന്നു. തെറ്റ് തിരുത്തൽ സമ്മേളനങ്ങളിലും പ്രവർത്തകർ ഇക്കാര്യം ഉന്നയിച്ചു.
കൊല്ലത്ത് കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗമാക്കാതെ സുകന്യയെ തഴഞ്ഞത് തളിപ്പറമ്പ് ശ്യാമളക്ക് നൽകുന്നതിന് വേണ്ടിയാണെന്ന പ്രചാരണവും ഉണ്ടായി. മുതിർന്ന വനിത നേതാവിനെ ഒതുക്കിയെന്ന വിമർശനങ്ങൾ കൂടി കണക്കിലെടുത്താണ് സുകന്യയെ സംസ്ഥാന സമിതിയിലെ സ്ഥിരംക്ഷണിതാവ് ആക്കിയത്.
എൻ.സുകന്യക്കു പുറമെ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എം.എൽ.എ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരാണ് കണ്ണൂരിൽനിന്നുള്ള പുതിയ സംസ്ഥാന സമിതിയിലെ സ്ഥിരംക്ഷണിതാക്കൾ. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സെക്രട്ടറിയറ്റിലും ക്ഷണിതാവായി.
പാർട്ടിയിലെ പി.ജെ യുഗം
കണ്ണൂരിലെ പാർട്ടി അണികളെ സംബന്ധിച്ച് ഏറ്റവും വലിയ സ്വീകാര്യത പി. ജയരാജന്റെ സംസ്ഥാന സെക്രട്ടേറിയറ്റംഗത്വമാണ്. മൂന്ന് പതിറ്റാണ്ടോളം സംസ്ഥാന സമിതിയംഗമായ ഇദ്ദേഹത്തെ കണ്ണൂർ ലോബി തന്നെ തഴയുന്നുവെന്ന സ്ഥിരംവിമർശനങ്ങൾക്കാണ് ഇതോടെ വിരാമമാവുന്നത്. എസ്.എഫ്.ഐ ജില്ല സെക്രട്ടറിയും പ്രസിഡന്റുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി. ജയരാജൻ1972ലാണ് സി.പി.എം അംഗമാവുന്നത്.
10 വര്‍ഷം കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയും തുടര്‍ന്ന് ജില്ല സെക്രട്ടേറിയറ്റംഗവുമായി. '98ല്‍ പാലക്കാട് സമ്മേളനത്തില്‍ സംസ്ഥാനകമ്മിറ്റി അംഗമായി. 2010 ഡിസംബറില്‍ ജില്ല ആക്ടിങ് സെക്രട്ടറിയും 2011ല്‍ ജില്ല സെക്രട്ടറിയുമായി.
2012 ജനുവരിയില്‍ പയ്യന്നൂരിലും 2015ല്‍ കൂത്തുപറമ്പിലും നടന്ന ജില്ല സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുത്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.പിയുമായ പി. സതീദേവി സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.