ഡോക്ടർ ഇല്ലാത്തതിനാൽ കിടത്തി ചികിത്സ പരിമിതപ്പെടുത്തിയ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഒഴിഞ്ഞ പുരുഷ വാർഡ്
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കിടത്തിചികിത്സ പ്രതിസന്ധിയിൽ
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവ് കിടത്തിചികിത്സ ഉൾപ്പെടെ പ്രതിസന്ധിയിലാക്കുന്നു. 16 ഡോക്ടർമാർ വേണ്ടതായ സ്ഥാനത്ത് ആറുപേർ മാത്രമാണ് ഇപ്പോഴുള്ളത്. 42 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടായിട്ടും പത്തു പേർ മാത്രമാണ് ചികിത്സയിലുള്ളത്.
ഡോക്ടർമാർ കൂട്ടത്തോടെ ആശുപത്രി വിട്ടതോടെ പാതി വഴിയിൽ ചികിത്സ അവസാനിപ്പിച്ച് മറ്റ് വഴികൾ തേടുകയാണ് പാവപ്പെട്ട രോഗികളും അവരുടെ കുടുംബങ്ങളും. ദിവസേന 900ത്തോളം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്. എന്നാൽ, ഇത്രയും രോഗികളെ പരിശോധിക്കാൻ ആവശ്യമായത്ര ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുകയാണ്. ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ കിടത്തി ചികിത്സാ സൗകര്യമുണ്ടായിട്ടും രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ കണ്ണൂർ, പരിയാരം തുടങ്ങിയ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതായും ആരോപണമുണ്ട്.
ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ ഒഴിവും കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ തസ്തികയിൽ മൂന്ന് ഒഴിവും, നേത്രരോഗ വിഭാഗത്തിൽ ഒരു ഒഴിവും, അനേസ്തഷ്യ വിഭാഗത്തിൽ ഒരു ഒഴിവും നിലവിലുണ്ട്.
സൂപ്രണ്ടിന്റെ തസ്തികയും സ്ഥലം മാറ്റത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞദിവസം ഫിസിഷ്യൻ കൂടി സ്ഥലം മാറി പോയതോടെ കിടത്തി ചികിത്സ വിഭാഗത്തിൽ രോഗികളെ പരിശോധിക്കാൻ ആരും ഇല്ലാത അവസ്ഥയാണ്.
ഇതിനു പുറമെ, നഗരസഭ മുഖേന നിയമിക്കുന്ന ഒരു ഡോക്ടറുടെയും ദേശീയ ആരോഗ്യ ദൗത്യം മുഖേന നിയമിക്കുന്ന ഒരു ഡോക്ടറുടെയും ഒഴിവുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.