പി.ഫഹിം അഹമ്മദ്
മാഹി: പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ 25 കാരനെ അറസ്റ്റ് ചെയ്തു. ചെമ്പ്രയിലെ ഒരു വീട്ടിൽനിന്ന് 35 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നത് സംബന്ധിച്ച് പരാതിപ്പെട്ട 55 കാരനെ ഒടുവിൽ കേസിൽപ്പെടുത്തി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ പുനരന്വേഷണത്തിൽ കുടുങ്ങുകയും ചെയ്തു. 2024 ജൂലൈ ആറിന് ചെമ്പ്രയിലെ ഒരു വീട്ടിൽ നിന്നാണ് 35 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ട പരാതിയുമായി വീട്ടുടമ പള്ളൂർ പൊലീസിൽ എത്തിയത്.
മാഹി എസ്.പിയുടെ നിർദ്ദേശപ്രകാരം പളളൂർ എസ്.എച്ച്.ഒ കേസെടുത്ത് അന്വേഷിച്ചെങ്കിലും അന്നത്തെ സി.ഐ. ഷൺമുഖത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിന് അടിസ്ഥാനമില്ലെന്നും വ്യാജ പരാതി നൽകി പൊലീസിനെ കബളിപ്പിക്കുകയാണെന്നും കാണിച്ച് 2024 ജൂലായ് 31 ന് മാഹി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് പരാതിക്കാരന്‍റെ പേരിൽ കേസെടുത്തു. പഴയ കേസ് ഫയലുകൾ പി.എ.അനിൽകുമാർ പുതിയ സി.ഐയായി മാഹിയിൽ ചുമതലയേറ്റശേഷം പരിശോധിച്ചപ്പോഴാണ് ഈ കേസിൽ പന്തികേടുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലായത്. തുടർന്ന് പരാതിക്കാരനെ വിളിച്ച് അന്വേഷിച്ചു. തുടർന്ന് അന്വേഷണം വീട്ടിലുള്ള മറ്റുള്ളവരിലേക്കും തിരിഞ്ഞു.
അന്ന് 15 വയസ്സുള്ള മകളേയും ചോദ്യം ചെയ്തു. ഈ പെൺകുട്ടിക്ക് 25 കാരനായ തലശ്ശേരി പാലിശ്ശേരിയിലെ പി.ഫഹിം അഹമ്മദുമായി പ്രണയമുണ്ടെന്ന് മനസ്സിലായി. കോടതിയുടെ അനുവാദത്തോടെ പുനരന്വേഷണത്തിന് അനുമതി വാങ്ങി സി.ഐ അനിൽകുമാറും സംഘവും പുനരന്വേഷണം ഊർജ്ജിതമാക്കി. അന്വേഷിച്ചപ്പോൾ ഇയാളുടെ പേരിൽ സമാനമായ കേസ് കൊടുങ്ങല്ലൂരിലുണ്ടെന്ന് മനസ്സിലായി. പെൺകുട്ടിയെ കൂട്ടി കണ്ണൂരിലും കോഴിക്കോട്ടും തിയറ്ററുകളിൽ ഇയാൾ സിനിമക്ക് പോകാറുണ്ട്. അതിനിടെ തന്ത്രപൂർവം പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കൈവശപ്പെടുത്തി.
ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തുടർന്ന് 45 പവനോളം സ്വർണാഭരണങ്ങൾ തട്ടിയെടുത്തതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മോഷണക്കുറ്റത്തിന് പുറമെ ഭയപ്പെടുത്തി അപഹരിക്കൽ, പോക്സോ ആക്ട് (12) ഐ.ടി.ആക്ട് (67/ബി) വകുപ്പുകൾ കൂടി ചേർത്ത് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പ്രതി ഫഹിം അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഴിയനുസരിച്ച് തലശ്ശേരി വാധ്യാർപീടികക്കടുത്ത മൂന്ന് സ്വർണക്കടകളിൽ നിന്ന് 21 പവൻ സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട്ടും ഇയാൾ സ്വർണ വിൽപന നടത്തിയിട്ടുണ്ട്. പ്രതിയെ പുതുച്ചേരിയിലെ പോക്സോ കോടതിയിൽ തിങ്കളാഴ്ച ഹാജരാക്കും. തുടരന്വേഷണത്തിനായി ഇയാളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.