പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ സീബ്ര ലൈനുകളില്ല

പഴയങ്ങാടി: അടിക്കടി അപകടങ്ങളുണ്ടാവുകയും നിരവധി പേർ മരിക്കുകയും ചെയ്ത പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ ഇപ്പോൾ സീബ്ര ലൈനുകളില്ല. റോഡ് നവീകരണ ജോലികൾ പൂർത്തീകരിക്കുന്നതോടെ, റീ ടാറിങ്ങിലൂടെ നഷ്‌ടമായ സീബ്ര ലൈനുകൾ വീണ്ടും വരക്കാനായിരുന്നു പദ്ധതിയെങ്കിലും റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തീയാകാത്തതാണ് ലൈനുകൾ വരക്കുന്നതിന് തടസ്സമാകുന്നത്.

പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ 18 കോടി രൂപയുടെ നവീകരണ പ്രവൃത്തിയായിരുന്നു വിഭാവനം ചെയ്തിരുന്നതെങ്കിലും പിലാത്തറയിൽ നിന്നും പ്രവൃത്തി ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ വിവിധ കാരണങ്ങളാൽ പലപ്പോഴും ജോലികൾ നിർത്തിവെക്കേണ്ടിവന്നിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ടാറിങ്ങിനുള്ള ടാർ കിട്ടാതായതിനാൽ മുടങ്ങിയ നവീകരണ ജോലികൾ പിന്നെ പുനരാരംഭിച്ചിട്ടില്ല. ടാർ ലഭ്യത സുതാര്യമാകുന്നതോടെ ജോലികൾ പുനരാരംഭിച്ച് പൂർത്തീകരിക്കുമെന്നാണ് വിവരം.

ഈ പാത ജനസാന്ദ്രത ഏറിയതും തിരക്കേറിയതുമായ പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പിലാത്തറ, പഴയങ്ങാടി, ചെറുകുന്ന് തറ, കണ്ണപുരം, പാപ്പിനിശ്ശേരി ടൗണുകളിലൂടെയാണ് കെ.എസ്.ടി.പി പാത കടന്നുപോകുന്നത്. എരിപുരം മുതൽ പഴയങ്ങാടി വരെയുള്ള ഭാഗമാണ് ഈ പാതയിൽ ഏറ്റവും തിരക്കേറിയ മേഖല. 

എരിപുരം മുതൽ പഴയങ്ങാടിവരെ നൂറുകണക്കിന് വിദ്യാർഥികൾ രാവിലെയും വൈകീട്ടും നടന്നുപോകുന്ന മേഖലയാണ്. ഈ മേഖലയിൽ പാത നവീകരണത്തോടെ നഷ്‌ടമായ, നേരത്തെയുണ്ടായിരുന്ന സീബ്ര ലൈനുകളൊന്നും പിന്നീട് വരച്ചിട്ടില്ല. നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ സീബ്ര ലൈനുകൾ വരക്കുന്നതിന് കാത്തു നിൽക്കാതെ നവീകരണം പൂർത്തിയായതും തിരക്കേറിയതുമായ എരിപുരം-പഴയങ്ങാടി പാതയിൽ അടിയന്തരമായി സീബ്ര ലൈനുകൾ വരക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

Tags:    
News Summary - No Zebra Lines on Pilathara-Pappinissery KSTP Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.