കണ്ണൂർ: ബോധവത്കരണ പരിപാടികൾ തുടരുമ്പോഴും ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു. ഒമ്പത് ലക്ഷത്തിലേറെ തട്ടിപ്പ് കഴിഞ്ഞദിവസം ജില്ലയിൽ വിവിധ കേസുകളിൽ നഷ്ടമായത്. ഷെയർ ട്രേഡ്, പാർട്ട് ടൈം ജോലി തുടങ്ങിയ തട്ടിപ്പുകളിലാണ് ആളുകൾ കുടുങ്ങുന്നത്. ടെലിഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയതിലൂടെ ചൊക്ലി സ്വദേശിക്ക് നഷ്ടമായത് 1.46 ലക്ഷം രൂപയാണ്.
നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്കാതെ പറ്റിക്കപ്പെട്ടതോടെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂത്തുപറമ്പ് സ്വദേശിയുടെ 95,157 രൂപ നഷ്ടമായതും ടെലിഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പണം നിക്ഷേപിച്ചപ്പോഴാണ്. ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച ചക്കരക്കൽ സ്വദേശിയിൽനിന്ന് തട്ടിയെടുത്തത് അരലക്ഷത്തോളം രൂപയാണ്.
മുണ്ടയാട് സ്വദേശിനിയുടെ മകന്റെ അക്കൗണ്ടിൽനിന്നും നഷ്ടമായത് 24,176 രൂപയാണ്. ഇന്റർനാഷനൽ ട്രാൻസാക്ഷൻ ഓൺ ചെയ്ത് വെച്ചിരുന്ന ആക്സിസ് ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ആമസോൺ വഴിയാണ് പണം തട്ടിയെടുത്തത്.
ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കണ്ണൂർ സിറ്റി സ്വദേശിയെ ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ച് സാധനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പണം അയക്കുന്നതിന് മുമ്പ് പരാതിക്കാരനുമായി മുമ്പ് ഇടപാട് നടന്നിട്ടില്ലാത്തതിനാൽ ഒരു തവണ നടത്തണമെന്നും ആ തുകയും ചേർത്തു അയച്ചു നൽകാമെന്നും പറഞ്ഞ് പണം തട്ടുകയായിരുന്നു. 75,152 രൂപയാണ് നഷ്ടമായത്.
ടെലഗ്രാം വഴി റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നതിനായി പണം നിക്ഷേപിച്ച മട്ടന്നൂർ സ്വദേശിനിക്ക് 3.09 ലക്ഷം രൂപ നഷ്ടമായി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ഫോൺ മുഖേന അറിയിപ്പും ഓഫർ ലെറ്ററും വന്നത് പ്രകാരം പണം കൈമാറിയ മട്ടന്നൂർ സ്വദേശിക്ക് 1.71 ലക്ഷം നഷ്ടമായി. ഏജന്റ് കമീഷൻ, വിസ ഇനത്തിലാണ് പണം ആവശ്യപ്പെട്ടത്. ഓൺലൈൻ ലോണിന് അപേക്ഷിച്ച പാനൂർ സ്വദേശിക്ക് അരലക്ഷത്തോളം രൂപ നഷ്ടമായി.
കണ്ണൂർ സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതിപ്പെടാം. ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ പൊലീസും സർക്കാറും നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും നിരവധി പേരാണ് തട്ടിപ്പിനിരയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.